രാജ്യതലസ്ഥാനം കത്തുമ്പോൾ വേണ്ടവിധം ഇടപെടാത്ത അമിത് ഷായുടെ രാജി ആവശ്യപ്പെടണം; രാഷ്ട്രപതിയെ കണ്ട് കോൺഗ്രസ്

ന്യൂഡൽഹി: രാജ്യതലസ്ഥാനം കലാപത്തിൽ കത്തി തീരുമ്പോൾ വേണ്ടവിധത്തിൽ ഇടപെടാതിരുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെടണമെന്ന് കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. രാംനാഥ് കോവിന്ദുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സോണിയ ഗാന്ധി അടക്കമുള്ള നേതാക്കൾ ഇക്കാര്യം ആവശ്യപ്പെട്ടത്.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, നേതാക്കളായ അഹമ്മദ് പട്ടേൽ, പി ചിദംബരം, കെസി വേണുഗോപാൽ, പ്രിയങ്ക ഗാന്ധി വദ്ര, ആനന്ദ് ശർമ്മ, രൺദീപ് സുർജേവാല തുടങ്ങിയവരാണ് രാഷ്ട്രപതിയെ കണ്ടത്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അമിത് ഷായുടെ രാജി ആവശ്യപ്പെടണമെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്ക് നേതാക്കൾ മെമ്മോറാണ്ടവും സമർപ്പിച്ചു.

സംഘർഷത്തിന്റെ ഉത്തരവാദിത്തം കേന്ദ്രത്തിനും ആം ആദ്മി പാർട്ടി നേതൃത്വത്തിനും ഒരുപോലെയാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സോണിയ ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചു. പുതുതായി അധികാരമേറ്റ കെജരിവാൾ സർക്കാരും കേന്ദ്ര സർക്കാരും സംഘർഷത്തിന് കാണികളായി നിലകൊള്ളുകയാണെന്ന് സോണിയ ഗാന്ധി ആരോപിച്ചു. രാജധർമം സംരക്ഷിക്കപ്പെടാനായി രാഷ്ട്രപതി തന്റെ അധികാരം ഉപയോഗിക്കണമെന്ന് രാഷ്ടപതിയോട് ആവശ്യപ്പെട്ടതായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പ്രതികരിച്ചു. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിൽ സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version