മരിച്ചയാള്‍ക്ക് മികച്ച ഭാവി ആശംസിച്ചുകൊണ്ടൊരു മരണസര്‍ട്ടിഫിക്കറ്റ്; ഏറ്റെടുത്ത് സോഷ്യല്‍മീഡിയ; വൈറലായതോടെ തിരുത്ത്

ഉന്നാവോ: മരണ സര്‍ട്ടിഫിക്കറ്റ് കണ്ടിട്ടുണ്ടെങ്കിലും തികച്ചും വ്യത്യസ്തമായി മികച്ച ഭാവി ആശംസിച്ചുകൊണ്ടൊരു മരണസര്‍ട്ടിഫിക്കറ്റ് ആരും കണ്ടുകാണില്ല. കേട്ടാല്‍ തന്നെ ചിരിവരുന്ന ഇത്തരത്തിലുള്ള ഒരു മരണസര്‍ട്ടിഫിക്കറ്റാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് സംഭവം. സര്‍വിയ ഗ്രാമത്തിലെ ലക്ഷ്മി ശങ്കര്‍ എന്നയാളുടെ മരണസര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയതിലാണ് വില്ലേജ് അധികാരിക്ക് പിശക് സംഭവിച്ചത്. മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനൊപ്പം മരിച്ചയാള്‍ക്ക് നല്ല ഭാവിക്കുള്ള ആശംസയും വില്ലേജ് അധികാരി സര്‍ട്ടിഫിക്കറ്റില്‍ കുറിച്ചു.

ജനുവരി 22ന് അസുഖം ബാധിച്ച് മരിച്ച ലക്ഷ്മി ശങ്കറിന്റെ മരണസര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ അപേക്ഷയുമായി മകന്‍ ബാബുലാണ് വില്ലേജ് അധികാരിയെ സമീപിച്ചത്. എന്നാല്‍ വില്ലേജ് അധികാരി നല്‍കിയ മരണസര്‍ട്ടിഫിക്കറ്റ് അക്ഷരാര്‍ത്ഥത്തില്‍ ബാബുലാലിനെ ഞെട്ടിച്ചു.

സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച മരണസര്‍ട്ടിഫിക്കറ്റിന്റെ കോപ്പി നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്. സംഭവം പുറത്തറിഞ്ഞതോടെ ക്ഷമചോദിച്ച് വില്ലേജ് ഓഫീസര്‍ രംഗത്തെത്തി. ബാബുലാലിന് പുതിയ സര്‍ട്ടിഫിക്കറ്റും അനുവദിച്ചു.

Exit mobile version