വിദ്വേഷ പ്രസ്താവനകള്‍ ഒഴിവാക്കണം; സമാധാനം പുനസ്ഥാപിക്കണം; നേതാക്കളോട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ പാര്‍ട്ടി നേതാക്കളോട് ആഹ്വാനം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി. എല്ലാവരും വിദ്വേഷ പ്രസ്താവനകള്‍ ഒഴിവാക്കണം. ഡല്‍ഹിയില്‍ സമാധാനം സ്ഥാപിക്കാന്‍ സാധ്യമായതെല്ലാം ചെയ്യണമെന്നും തിവാരി പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

ആശയക്കുഴപ്പമുണ്ടാക്കുന്ന ഒന്നും ചെയ്യരുത്. ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കരുതെന്നും മനോജ് തിവാരി നേതാക്കളോട് ആവശ്യപ്പെട്ടു.
ഡല്‍ഹിയിലെ സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ മനപൂര്‍വം ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കക്ഷിരാഷ്ട്രീയത്തിനു അതീതമായി ഉണര്‍ന്ന് ഡല്‍ഹിയുടെ സമാധാനത്തിനായി പ്രവര്‍ത്തിക്കാന്‍ മറ്റ് പാര്‍ട്ടികള്‍ക്ക് ആഹ്വാനം നല്‍കുകയും ചെയ്തു.

അതെസമയം കലാപം കത്തിപ്പടരുന്നതിനിടെ വീണ്ടും വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ് കപില്‍ മിശ്ര രംഗത്ത് എത്തി. ജാഫറാബാദ് ഒഴിപ്പിച്ചതോടെ രണ്ടാം ഷഹീന്‍ബാഗ് ഡല്‍ഹിയില്‍ ഉണ്ടാവില്ലെന്ന് ഉറപ്പായതായി കപില്‍ മിശ്ര ട്വിറ്ററിലൂടെ പറഞ്ഞു. ജാഫറാബാദില്‍ മറ്റൊരു ഷഹീന്‍ബാഗ് ഉണ്ടാകാന്‍ അനുവദിക്കരുതെന്ന് കപില്‍ മിശ്ര പറഞ്ഞതിന് പിന്നാലെയാണ് ഡല്‍ഹിയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

Exit mobile version