ഡൽഹിയിലെ സാഹചര്യം ആശങ്കയുണ്ടാക്കുന്നു; ആക്രമണത്തിൽ നിന്നും വിട്ടു നിൽക്കണമെന്ന് കെജരിവാൾ

ന്യൂഡൽഹി: സിഎഎ അനുകൂലികളും പ്രതികൂലിക്കുന്നവരും പോലീസും ഏറ്റുമുട്ടിയതോടെ കലാപഭൂമിയായി രാജ്യതലസ്ഥാനം. അഞ്ചുപേരാണ് സംഘർഷങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടത്. ഇതിനിടെ ഡൽഹി സംഘർഷത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡൽഹിയുടെ വിവിധ ഭാഗങ്ങളിലെ നിലവിലെ സാഹചര്യം ആശങ്കയുണ്ടാക്കുന്നു. നമ്മുടെ നഗരത്തിൽ സാമാധാനം പുനഃസ്ഥാപിക്കാൻ എല്ലാവരും ശ്രമിക്കണം. അക്രമത്തിൽ നിന്ന് വിട്ട് നിൽക്കാൻ എല്ലാവരോടും ഒരിക്കൽകൂടി ആവശ്യപ്പെടുന്നുവെന്നും കെജരിവാൾ ട്വീറ്റ് ചെയ്തു.

സംഘർഷ ബാധിത പ്രദേശങ്ങളിലെ എംഎൽഎമാരുടേയും ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ചിട്ടുണ്ടെന്നും കെജരിവാൾ അറിയിച്ചു. ആം ആദ്മി നേതാക്കൾ ലെഫ്റ്റനന്റ് ഗവർണറുമായും കൂടിക്കാഴ്ച നടത്തി. ഇതിനിടെ വടക്ക് കിഴക്കൻ ജില്ലയിലെ അഞ്ച് മെട്രോ സ്റ്റേഷനുകൾ ചൊവ്വാഴ്ചയും അടച്ചിടും. ജാഫറാബാദ്, മൗജ്പുർ-ബാബർപുർ, ഗോകുൽപുരി, ജോഹ്രി എക്ലേവ്, ശിവ് വിഹാർ എന്നീ സ്റ്റേഷനുകളാണ് അടച്ചിട്ടിരിക്കുന്നത്.

ഡൽഹിയിലെ ക്രമസമാധാനം സംബന്ധിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിങ്കളാഴ്ച രാത്രി ചർച്ച നടത്തിയിരുന്നു.

Exit mobile version