ഡൽഹി സംഘർഷം: അടിയന്തര യോഗം വിളിച്ച് അമിത് ഷാ; ജനങ്ങൾ ഭിന്നിക്കരുതെന്ന് സോണിയ; ഇത് നാണക്കേടെന്ന് ഒവൈസി

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുണ്ടായ സംഘർഷത്തിൽ മരണ സംഖ്യ അഞ്ചായി ഉയർന്നതായി റിപ്പോർട്ട്. ആക്രമണം രൂക്ഷമായതോടെ അടിയന്തര യോഗം വിളിച്ചുചേർത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇടപെടലുകൾ നടത്തി. തിങ്കളാഴ്ച വൈകീട്ട് ചേർന്ന യോഗത്തിൽ ആഭ്യന്തര സെക്രട്ടറി എകെ ഭല്ല, ഡൽഹി ലഫ്. ഗവർണർ അനിൽ ബയ്ജാൽ, ഡൽഹി പോലീസ് കമ്മീഷണർ അമൂല്യ പട്നായിക്ക് തുടങ്ങിയവർ പങ്കെടുത്തു. അക്രമ സംഭവങ്ങൾ എത്രയും വേഗം അവസാനിപ്പിക്കാൻ അമിത് ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. രാജ്യതലസ്ഥാനത്തെ സ്ഥിതിഗതികൾ അമിത് ഷാ നേരിട്ട് നിരീക്ഷിച്ചു വരികയാണെന്ന് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്യുന്നു.

അത്സമയം, ജനങ്ങൾ സംയമനം പാലിക്കണമെന്ന് അഭ്യർത്ഥിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി രംഗത്തെത്തി. ഡൽഹിയിലെ ജനങ്ങൾ മതസൗഹാർദം കാത്തുസൂക്ഷിക്കണം. മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന ശക്തികളെ പരാജയപ്പെടുത്തണം. സംഘർഷത്തിനിടെ മരിച്ച പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു. മഹാത്മാ ഗാന്ധിയുടെ നാട്ടിൽ അക്രമത്തിന് സ്ഥാനമില്ല. ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്കും ഇവിടെ വിജയിക്കാനാവില്ലെന്നും സോണിയ പറഞ്ഞു.

അക്രമ സംഭവങ്ങളിൽ ആശങ്ക രേഖപ്പെടുത്തിക്കൊണ്ട് ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ് ഡൽഹി ലഫ്. ഗവർണർക്ക് കത്തയച്ചു. നോർത്ത് ഈസ്റ്റ് ഡൽഹിയിലുള്ള മുസ്ലിം വിഭാഗക്കാരുടെയും പട്ടികജാതിക്കാരുടെയും സുരക്ഷയിൽ കടുത്ത ആശങ്കയുണ്ടെന്ന് അദ്ദേഹം കത്തിൽ പറയുന്നു. അക്രമ സംഭവങ്ങൾ നടന്ന സ്ഥലം സന്ദർശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ, തന്റെ മണ്ഡലത്തിൽ ഭീകരാന്തരീക്ഷമാണ് നിലനിൽക്കുന്നതെന്ന് വ്യക്തമാക്കി ബാബർപുർ എംഎൽഎയും ഡൽഹി മന്ത്രിയുമായ ഗോപാൽ റായ് രംഗത്തെത്തി. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസ് സ്ഥലത്തില്ലെന്ന് അദ്ദേഹം ആരോപിച്ചു. അക്രമികൾ അഴിഞ്ഞാടുകയാണെന്നും തീവെപ്പ് നടത്തുന്നുവെന്നും എന്നാൽ പോലീസ് സ്ഥലത്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംഘർഷത്തെ അപലപിച്ച് എഐഎംഐഎം നേതാവ് അസദുദീൻ ഒവൈസിയും രംഗത്തെത്തിയിട്ടുണ്ട്. വിദേശ രാജ്യത്തുനിന്നുള്ള അതിഥി ഇന്ത്യ സന്ദർശിക്കുന്നതിനിടെ ഉണ്ടായ സംഘർഷം രാജ്യത്തിന് നാണക്കേടാണെന്ന് അദ്ദേഹം ഹൈദരാബാദിൽ ആരോപിച്ചു.

Exit mobile version