സിഎഎ അനുകൂലികളുടെ അറ്റമില്ലാത്ത ക്രൂരത; ഡൽഹിയിൽ മരണം അഞ്ചായി; വീടുകളും കടകളും തീവെച്ചു; കൊള്ളയടിച്ചു; ട്രംപിന്റെ സന്ദർശനം തുടരുന്നു

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനം പുരോഗമിക്കുന്നതിനിടെ ഡൽഹിയിൽ പൗരത്വ ഭേദഗതിയെ ചൊല്ലി രക്ത ചൊരിച്ചിൽ. സിഎഎ അനുകൂലികൾ സിഎഎ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം അഴിച്ചു വിട്ടതോടെയാണ് ആക്രമണം രൂക്ഷമായത്. ഇതുവരെ അഞ്ചുമരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇരുകൂട്ടരും തമ്മിലുള്ള ഏറ്റുമുട്ടലിൽ വടക്കുകിഴക്കൻ ഡൽഹിയിലെ ഗോകുൽപുരി എസിപി ഓഫീസിലെ ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാലും (42) നാട്ടുകാരനായ ഫർഖൻ അൻസാരിയും (32) ഉൾപ്പെടെ അഞ്ചു പേർ കൊല്ലപ്പെട്ടു. ശാഹ്ദ്ര ഡിസിപി അമിത് ശർമ്മയുൾപ്പെടെ അമ്പതോളംപേർക്കു പരിക്കേറ്റു. വടക്കുകിഴക്കൻ ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനം തുടരുന്നതിനിടെയാണ് തലസ്ഥാനത്ത് സംഘർഷം. ഡൽഹിയിലാണ് ട്രംപിന്റെ ഇന്നത്തെ പരിപാടികൾ. രാഷ്ട്രപതി ഭവനിലാണ് ആദ്യ പരിപാടി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒരുക്കുന്ന വിരുന്നിൽ അദ്ദേഹവും കുടുംബവും പങ്കെടുക്കും. പിന്നീട് ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ചർച്ച നടത്തും.

ദേശീയ പൗരത്വനിയമഭേദഗതിയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിൽ വടക്കുകിഴക്കൻ ഡൽഹിയിലെ ജാഫറാബാദ്, മോജ്പുർ, ഭജൻപുര, ചാന്ദ്ബാഗ്, ശാഹ്ദ്ര, കരാവൽ നഗർ, കബീർ നഗർ, ദയാൽപുർ, ഖജൂരി ഖാസ് എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടിയത്. ഇരുവിഭാഗവും തമ്മിൽ ഞായറാഴ്ചയുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായിരുന്നു ഈ ഏറ്റുമുട്ടൽ.

ഭേദഗതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും പരസ്പരം കല്ലെറിഞ്ഞതോടെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ലാത്തിച്ചാർജും നടത്തി. പ്രതിഷേധക്കാർ വാഹനങ്ങൾക്കും കടകൾക്കും വീടുകൾക്കും തീവെച്ചു. ഗോകുൽപുരിയിലെ ടയർ മാർക്കറ്റിനു തീവെച്ചു. ഡിസിപിയുടെ കാർ കത്തിച്ചു. അഗ്നിശമനസേനയുടെ വാഹനം കേടാക്കി. വീടുകളും കടകളും കൊള്ളയടിച്ചു.

കല്ലേറിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് ഹെഡ് കോൺസ്റ്റബിൾ രത്തൻലാലിന്റെ മരണത്തിനിടയാക്കിയത്. പരിക്കേറ്റ നിലയിൽ ജിടിബി ആശുപത്രിയിലെത്തിച്ചശേഷമാണ് ഫർഖൻ അൻസാരി മരിച്ചത്. അൻസാരിക്ക് വെടിയേറ്റതാണെന്നാണ് ബന്ധുക്കൾ പറയുന്നത്. സംഘർഷം ശക്തമായതോടെ അർധസൈനിക വിഭാഗം രംഗത്തിറങ്ങി. ജാഫറാബാദ്, മോജ്പുർ-ബാബർപുർ, ഗോകുൽപുരി, ജോഹ്രി എൻക്ലേവ്, ശിവ വിഹാർ മെട്രോസ്റ്റേഷനുകൾ അടച്ചു.

അതേസമയം സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല പറഞ്ഞു.

Exit mobile version