‘8000 മൈൽ യാത്ര ചെയ്തു വന്നത് അമേരിക്ക ഇന്ത്യയെ സ്‌നേഹിക്കുന്നെന്ന് പറയാനാണ്’; മോഡിയെ വാഴ്ത്തിയും പാകിസ്താനെതിരെ ആഞ്ഞടിച്ചും ട്രംപ്

അഹമ്മദാബാദ്: മൊട്ടേര മൈതാനത്ത് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും. പ്രസംഗത്തിനിടയിൽ മോഡിയെ സുഹൃത്തെന്നു വിശേഷിപ്പിച്ച ട്രംപ് ഇന്ത്യയെ അമേരിക്ക സ്‌നേഹിക്കുന്നെന്നും അറിയിച്ചു. പാകിസ്താനെതിരെ ശക്തമായി ആഞ്ഞടിക്കാനും ട്രംപ് വേദി വിനിയോഗിച്ചു.

സ്വന്തം അതിർത്തി സംരക്ഷിക്കാൻ എല്ലാ രാജ്യങ്ങൾക്കും അവകാശമുണ്ട്. ഓരോ രാജ്യത്തിന്റെ നയം അനുസരിച്ചാണ് അത്തരം തീരുമാനങ്ങൾ. പാകിസ്താനുമായി നല്ല സൗഹൃദമാണ് ഇന്ത്യയ്ക്കുള്ളത്. അതിർത്തിയിലെ തീവ്രവാദ പ്രവർത്തനം ഇല്ലാതാക്കാൻ പാകിസ്താൻ ശ്രമിക്കണം. ഇന്ത്യയും അമേരിക്കയും ഒരുപോലെ തീവ്രവാദ ഭീഷണികൾ നേരിട്ടു. തീവ്രവാദത്തിനെതിരെ ഇന്ത്യയും അമേരിക്കയും യോജിച്ച് മുന്നോട്ടുപോകും. തീവ്രവാദത്തിന് മുന്നിൽ അതിർത്തികൾ അടയ്ക്കണം. മൂന്ന് ബില്ല്യൺ ഡോളറിന്റെ പ്രതിരോധകരാറിൽ ഇന്ത്യയും അമേരിക്കയും ഒപ്പുവയ്ക്കുമെന്നും ട്രംപ് പറഞ്ഞു.

‘ഭൂമിയുടെ അങ്ങേ അറ്റത്തു നിന്നും ഇങ്ങേയറ്റം വരെ 8000 മൈൽ യാത്ര ചെയ്തു ഞങ്ങൾ വന്നത് ഒരു കാര്യം പറയാനാണ്. അമേരിക്ക ഇന്ത്യയെ സ്‌നേഹിക്കുന്നു. അമേരിക്ക ഇന്ത്യയെ ബഹുമാനിക്കുന്നു. അമേരിക്ക എന്നും ഇന്ത്യയുടെ വിശ്വസ്തനായ സുഹൃത്തായിരിക്കും. അഞ്ച് മാസം മുൻപ് ടെക്‌സാസിലെ വലിയൊരു ഫുട്‌ബോൾ സ്റ്റേഡിയത്തിൽ വച്ചാണ് പ്രധാനമന്ത്രി മോഡിയെ അമേരിക്ക വരവേറ്റത്. ഇന്ന് ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വച്ച് ഇന്ത്യ ഞങ്ങളെ സ്വാഗതം ചെയ്യുന്നു. ഈ സ്വീകരണം ഞങ്ങളൊരിക്കലും മറക്കില്ല. ഞങ്ങളുടെ ഹൃദയത്തിൽ ഇന്ത്യയ്ക്ക് എന്നും പ്രത്യേക ഇടമുണ്ടാകും. ചായ വിൽപനക്കാരനായി ജീവിതം ആരംഭിച്ചയാളാണ് മോഡി. എല്ലാരും അദ്ദേഹത്തെ സ്‌നേഹിക്കുന്നു പക്ഷേ ഞാൻ പറയട്ടെ മോഡി വളരെ ശക്തനായ ഒരാളാണ്’.-ട്രംപ് പറഞ്ഞു.

ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ പങ്കാളിയായി യുഎസ് മാറണം എന്നാണ് തന്റെ ആഗ്രഹം. ആ നിലയ്ക്കാണ് ഇപ്പോൾ നമ്മുടെ ചർച്ചകൾ നടക്കുന്നത്. ടൈഗർ ട്രയൽസ് എന്ന പേരിൽ ഇന്ത്യ-അമേരിക്ക വ്യോമസേനകൾ സംയുക്ത പരിശീലനം സംഘടിപ്പിച്ചിരുന്നു. ചരിത്രത്തിലാദ്യമായാണ് ഇങ്ങനെയൊരു പരിപാടി. ലോകത്തെ ഏറ്റവും മികച്ച ആയുധങ്ങളും യുദ്ധവിമാനങ്ങളും മിസൈൽ പ്രതിരോധ സംവിധാനങ്ങളും അമേരിക്കയിലുണ്ട്. തീവ്രവാദത്തിന്റെ ഇരകളാണ് ഇന്ത്യയും അമേരിക്കയും. സിറിയയിലേയും ഇറാഖിലേയും ഐഎസ് ഭീകരശൃംഖലയെ നമ്മൾ തുടച്ചു നീക്കി കഴിഞ്ഞു. ഐഎസ് തലവൻ ബാഗ്ദാദിയെ അടക്കം യുഎസ് സൈന്യം വധിച്ചെന്നും ട്രംപ് പറഞ്ഞു.

ഗാന്ധി ഗൃഹമായ സബർമതി ആശ്രമം സന്ദർശിക്കാൻ സാധിച്ചതിൽ സന്തോഷമെന്നും ഡൊണാൾഡ് ട്രംപ് സന്ദർശനത്തിന് ശേഷം പ്രതികരിച്ചു. ഇന്ന് തന്നെ താജ്മഹൽ സന്ദർശിക്കുമെന്നും ഗാന്ധിജിയുടെ സമാധി സ്ഥലമായ രാജ്ഘട്ട് സന്ദർശിക്കുമെന്നും ട്രംപ് അറിയിച്ചു.

Exit mobile version