ഞങ്ങൾ നിങ്ങളെ കാണാൻ വരികയാണ്; വിമാനമിറങ്ങും മുമ്പ് ഹിന്ദിയിൽ ട്രംപിന്റെ ട്വീറ്റ്; വരവേൽക്കാൻ അഹമ്മദാബാദിൽ മോഡി എത്തി

അഹമ്മദാബാദ്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയയും മകൾ ഇവാങ്കയും ഭർത്താവും ഇന്ത്യയിലേക്ക് ഉടനെത്തുമം.മുപ്പത്തിയാറു മണിക്കൂർ നീളുന്ന സന്ദർശനത്തിനായാണ് ട്രംപും കുടുംബവും വരുന്നത്. ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷിബന്ധത്തിൽ പുതിയ അധ്യായമായി മാറാവുന്ന സന്ദർശനത്തെ നയതന്ത്രലോകം ഉറ്റു നോക്കുകയാണ്. കുടുംബത്തോടൊപ്പം ഉന്നതതല പ്രതിനിധി സംഘവും ട്രംപിനെ അനുഗമിക്കുന്നുണ്ട്.

11.40-ന് ഗുജറാത്തിലെ അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്രമോഡി സ്വീകരിക്കും. ഇതിനായി മോഡി അഹമ്മദാബാദിലെത്തി. ട്രംപിനൊപ്പം 12.15-ന് സബർമതി ആശ്രമസന്ദർശനം. തുടർന്ന് മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ‘നമസ്തേ ട്രംപ്’ പരിപാടിയിൽ ഇരു നേതാക്കളും പങ്കെടുക്കും.

ട്രംപിനെ സ്വീകരിക്കാനായി വിമാനത്താവളം മുതൽ സ്റ്റേഡിയം വരെ ഇരുവശങ്ങളിലും ഇന്ത്യയുടെ സംസ്‌കാരം വിളിച്ചോതുന്ന കലാപ്രകടനങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നൽകുന്ന ഉച്ചവിരുന്നിൽ പങ്കെടുത്ത ശേഷം ട്രംപ് ആഗ്രയിലേക്കു പോകും. വൈകീട്ട് 4.45-ന് ആഗ്രയിലെത്തുന്ന ട്രംപും സംഘവും താജ്മഹൽ സന്ദർശിക്കും. മോഡി ഇവരെ അനുഗമിക്കില്ല. പിന്നീട് ട്രംപ് കുടുംബം വൈകീട്ട് ഡൽഹിയിലെത്തും.

താൻ ഇന്ത്യയിലേക്കുള്ള യാത്രയിലാണെന്നും മണിക്കൂറുകൾക്കുള്ളിൽ എല്ലാവരേയും കാണുമെന്നും വിമാനമിറങ്ങുന്നതിന് തൊട്ടുമുമ്പായി ട്രംപ് ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.

Exit mobile version