ഷഹീൻബാഗ് സമരം സമാധാനപരം; യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത് പോലീസെന്ന് മധ്യസ്ഥൻ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഷഹീൻബാഗിൽ നടക്കുന്ന പ്രക്ഷോഭം സമാധാനപരമാണെന്ന് മുൻ വിവരാവകാശ കമ്മീഷണർ വജാഹത്ത് ഹബീബുള്ള. പ്രക്ഷോഭം നടക്കുന്ന സ്ഥലത്തിന് വളരെ അകലെ പോലീസ് സ്ഥാപിച്ചിട്ടുള്ള ബാരിക്കേഡാണ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതെന്നും അദ്ദേഹം സുപ്രീം കോടതിയെ അറിയിച്ചു.

പ്രതിഷേധിക്കുന്നത് കോടതി തടയില്ലെന്നും എന്നാൽ, റോഡ് ഗതാഗതം തടസപ്പെടുത്താതെ ഷഹീൻബാഗിലെ സമരക്കാർ മറ്റൊരിടത്തേക്ക് മാറണമെന്നും സുപ്രീം കോടതി നേരത്തെ നിർദേശിച്ചിരുന്നു. ഇതുസംബന്ധിച്ച് സമരക്കാരുമായി സംസാരിക്കാൻ മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്‌ഡെയെ കോടതി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. അഡ്വ. സാധനാ രാമചന്ദ്രൻ മുൻ മുഖ്യ വിവരാവകാശ കമ്മിഷണർ വജാഹത്ത് ഹബീബുള്ള എന്നിവരുടെ സഹായം അദ്ദേഹത്തിന് തേടാമെന്നും സുപ്രീം കോടതി ബഞ്ച് വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെ, ഷഹീൻബാഗ് സന്ദർശിച്ച ശേഷമാണ് വജാഹത്ത് ഹബീബുള്ള സത്യവാങ്മൂലം സമർപ്പിച്ചിട്ടുള്ളത്. സുപ്രീം കോടതി വിഷയം തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. സാമൂഹ്യ പ്രവർത്തകൻ സയിദ് ബഹാദൂർ അബ്ബാസ് നഖ്‌വി, ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ് എന്നിവരും വജാഹത്ത് ഹബീബുള്ളയുടെ അതേനിലപാട് സ്വീകരിച്ചുകൊണ്ട് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്.

Exit mobile version