മോഡി ഒരു ദീർഘദർശി; അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രാജ്യം ഏറ്റവും ഉത്തരവാദിത്വമുള്ളതായി മാറി; പ്രശംസ കൊണ്ട് മൂടി ജസ്റ്റിസ് അരുൺ മിശ്ര

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വാനോളം വാഴ്ത്തി സുപ്രീം കോടതി ജസ്റ്റിസ് അരുൺ മിശ്ര. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ദീർഘദർശിയാണ് നരേന്ദ്ര മോഡിയെന്നും ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യ ഉത്തരവാദിത്തമുള്ള രാജ്യമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ആഗോളതലത്തിൽ ചിന്തിക്കുകയും തദ്ദേശീയ തലത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്ന ബഹുമുഖ പ്രതിഭയാണ് മോഡിയെന്നും ജസ്റ്റിസ് അരുൺ മിശ്ര കൂട്ടിച്ചേർത്തു.

കാലഹരണപ്പെട്ട 1500 ഓളം നിയമങ്ങൾ ഒഴിവാക്കിയതിന് പ്രധാനമന്ത്രിയെയും കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദിനെയും ജസ്റ്റിസ് മിശ്ര അഭിനന്ദിച്ചു. മോഡിയുടെ നേതൃത്വത്തിൽ, ലോകസമൂഹത്തിലെ ഏറ്റവും ഉത്തരവാദിത്തമുള്ളതും സൗഹൃദപൂർണമായ രാജ്യവുമായി ഇന്ത്യ മാറി. ദേശീയതലത്തിലും അന്തർ ദേശീയതലത്തിലും ജുഡീഷ്യറി നേരിടുന്ന വെല്ലുവിളികൾ സാധാരണമാണ്. മാറിക്കൊണ്ടിരിക്കുന്ന ലോകത്തിൽ ജുഡീഷ്യറിക്ക് നിർണായക പങ്കാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുപ്രീം കോടതി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കപ്പെട്ട ദ്വിദിന അന്താരാഷ്ട്ര ജുഡീഷ്യൽ കോൺഫറൻസ് 2020ന്റെ ഉദ്ഘാടനച്ചടങ്ങിൽ കൃതജ്ഞതാ പ്രസംഗം നടത്തുകയായിരുന്നു ജസ്റ്റിസ് മിശ്ര. സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന അഞ്ച് ജഡ്ജിമാരിൽ ഒരാളാണ് ഇദ്ദേഹം. പ്രധാനമന്ത്രിയാണ് അന്താരാഷ്ട്ര ജുഡീഷ്യൽ കോൺഫറൻസ് 2020 ഉദ്ഘാടനം ചെയ്തത്.

Exit mobile version