ആ സ്വീകരണറാലിയില്‍ ഒരു തൊഴില്‍ മേള സംഘടിപ്പിക്കൂ, സൗജന്യ ഭക്ഷണവും; 70 ലക്ഷമല്ല ഏഴ് കോടി ജനങ്ങള്‍ എത്തും; മോഡിയെ പരിഹസിച്ച് അല്‍ക്ക ലംബാ

തന്നെ സ്വീകരിക്കാനായി വിമാനത്താവളം മുതല്‍ വേദിവരെ ഏഴ് മില്യണ്‍ ആളുകള്‍ ഉണ്ടാകുമെന്ന് മോഡി പറഞ്ഞതായി ട്രംപ് അവകാശപ്പെട്ടിരുന്നു

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനെ തുടര്‍ന്ന് രാജ്യത്ത് വന്‍ മുന്നൊരുക്കങ്ങളാണ് നടത്തുന്നത്. പണം വാരിയെറിഞ്ഞുള്ള മുന്നൊരുക്കങ്ങളെയും മറ്റും വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലംബാ. ട്വിറ്ററിലൂടെയായിരുന്നു പരിഹാസവും വിമര്‍ശനം. രാജ്യത്തെ തൊഴിലില്ലായ്മയുടെ കണക്കനുസരിച്ച് മോഡി വിചാരിച്ചാല്‍ ട്രംപിന്റെ സ്വീകരണ പരിപാടിയില്‍ 70 ലക്ഷമല്ല ഏഴ്കോടി ആളുകളെ പങ്കെടുപ്പിച്ച് തൊഴില്‍ മേളയാക്കമെന്നായിരുന്നു ലംബായുടെ പരിഹാസം.

”അമേരിക്കയുടെ ബഡാ സഹേബിന്റെ വരവോടനുബന്ധിച്ച് ഗുജറാത്തിലെ 70 ലക്ഷം ജനങ്ങളെ അണിനിരത്താനുള്ള നീക്കത്തിലാണ് ഛോട്ടാ സാഹിബ്. സാഹേബ് ആഗ്രഹിക്കുകയാണെങ്കില്‍ തൊഴിലില്ലായ്മയുടെ കണക്കനുസരിച്ച് ഈ സംഖ്യ ഏഴ് കോടിയിലെത്തിക്കാവുന്നതാണ്. ഒരു തൊഴില്‍ മേള സംഘടിപ്പിച്ച് സൗജന്യഭക്ഷണം കൂടി ഏര്‍പ്പാട് ചെയ്യൂ,” ലംബാ ട്വിറ്ററില്‍ കുറിച്ചു.

തന്നെ സ്വീകരിക്കാനായി വിമാനത്താവളം മുതല്‍ വേദിവരെ ഏഴ് മില്യണ്‍ ആളുകള്‍ ഉണ്ടാകുമെന്ന് മോഡി പറഞ്ഞതായി ട്രംപ് അവകാശപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിഹാസം. ഫെബ്രുവരി 24, 25 തീയതികളിലാണ് ട്രംപ് ഇന്ത്യയിലെത്തുന്നത്. അമേരിക്കന്‍ പ്രസിഡന്റായ ശേഷം ആദ്യമായിട്ടാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നത്.

Exit mobile version