തന്നെ കാണുമ്പോള്‍ ശ്വാസംമുട്ടുന്നതില്‍ ദുഃഖമുണ്ട്, കുറച്ച് ശുദ്ധവായു ശ്വസിക്കൂ; ബുര്‍ഖ ധരിച്ച എആര്‍ റഹ്മാന്റെ മകളെ വിമര്‍ശിച്ച തസ്‌ലീമ നസ്രീന് ചുട്ടമറുപടിയുമായി ഖദീജ

മുംബൈ: ബുര്‍ഖ ധരിച്ച ഖദീജയെ കാണുമ്പോള്‍ ശ്വാസംമുട്ടല്‍ തോന്നുന്നുവെന്ന തസ്‌ലീമ നസ്രീന്റെ വിവാദ പരാമര്‍ശത്തില്‍ ചുട്ടമറുപടിയുമായി എആര്‍ റഹ്മാന്റെ മകള്‍ ഖദീജ രംഗത്ത്. തന്നെ കാണുമ്പോള്‍ തസ്‌ലീമക്ക് ശ്വാസംമുട്ടുന്നതില്‍ ദുഖമുണ്ടെന്നും കുറച്ച് ശുദ്ധവായു ശ്വസിക്കൂവെന്നുമാണ് ഖദീജ തസ്‌ലീമയ്ക്ക് നല്‍കിയ മറുപടി.

ട്വിറ്ററിലൂടെ തന്നെപ്പറ്റി പരാമര്‍ശിച്ച തസ്ലീമയ്ക്ക് ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ഖദീജ മറുപടി നല്‍കിയത്.’എആര്‍ റഹ്മാന്റെ സംഗീതം ഒരുപാട് ഇഷ്ടമാണ്. എന്നാല്‍, അദ്ദേഹത്തിന്റെ മകളെ കാണുമ്പോഴെല്ലാം എനിക്ക് ശ്വാസംമുട്ടല്‍ തോന്നുന്നു. നല്ല കുടുംബത്തില്‍ നിന്നുള്ള വിദ്യാസമ്പന്നയായ പെണ്‍കുട്ടിയെ പോലും ഇത്തരത്തില്‍ വളരെയെളുപ്പം ബ്രയിന്‍വാഷ് ചെയ്യാമെന്നതില്‍ ഏറെ നിരാശയുണ്ട്’ – എന്നായിരുന്നു തസ്‌ലീമ ട്വിറ്ററില്‍ കുറിച്ചത്.

ബുര്‍ഖ ധരിച്ച ഖദീജയുടെ ഫോട്ടോ സഹിതമായിരുന്നു ട്വീറ്റ്. ഇത് പിന്നീട് സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായി. പിന്നാലെയാണ് മറുപടിയുമായി ഖദീജ രംഗത്തെത്തിയത്. തന്നെ കാണുമ്പോള്‍ തസ്‌ലീമക്ക് ശ്വാസംമുട്ടുന്നതില്‍ ദുഖമുണ്ടെന്നും കുറച്ച് ശുദ്ധവായു ശ്വസിക്കൂവെന്നും ഖദീജ പറഞ്ഞു. താന്‍ എന്തിന് വേണ്ടി നിലകൊള്ളുന്നുവെന്നതില്‍ തനിക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നില്ലെന്നും മറിച്ച്, അഭിമാനമാണുള്ളതെന്നും തസ്‌ലീമ പറഞ്ഞു.

എന്താണ് യഥാര്‍ഥ ഫെമിനിസം എന്ന് ഗൂഗിളിലൊന്ന് തിരഞ്ഞ് നോക്കൂ. മറ്റുള്ള സ്ത്രീകളെ താറടിച്ച് കാട്ടുന്നതോ രക്ഷിതാക്കളെ പ്രശ്‌നങ്ങളിലേക്ക് വലിച്ചിഴക്കുന്നതോ അല്ല ഫെമിനിസമെന്നും തന്റെ ഫോട്ടോകള്‍ വിലയിരുത്താന്‍ നിങ്ങള്‍ക്ക് അയച്ചതായി ഞാന്‍ ഓര്‍ക്കുന്നില്ലെന്നും ഖദീജ മറുപടി നല്‍കി.ഇതിന് പിന്നാലെയാണ് പിതാവിനും സഹോദരിക്കുമൊപ്പമുള്ള മറ്റൊരു കുടുംബചിത്രവും ഖദീജ പങ്കുവെച്ചത്.

‘ശ്വാസംമുട്ടലില്‍’ നിന്ന് അകന്ന് കുടുംബത്തോടൊപ്പം സമാധാനപരമായ നിമിഷങ്ങള്‍ എന്നായിരുന്നു ഖദീജ ചിത്രത്തിനൊപ്പം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. കുടുംബത്തോടൊപ്പം ബാക്കുവില്‍ നടത്തിയ ഒഴിവുകാലത്തിന്റെ ചിത്രങ്ങളാണ് ഖദീജ പങ്കുവെച്ചത്.

Exit mobile version