‘മാർച്ച് വരെ കമ്പള മത്സരങ്ങളുടെ തിരക്കിലാണ്, അത് കഴിഞ്ഞ് ട്രയൽസിൽ പങ്കെടുക്കാം’; നിലപാട് മാറ്റി ബോൾട്ടിനെ തോൽപ്പിക്കും വേഗത്തിൽ ഓടിയ കാളയോട്ടക്കാരൻ

ബംഗളൂരു: കാളയോട്ട മത്സരമായ കമ്പള മത്സരത്തിൽ കാറ്റിന്റെ വേഗത്തിൽ ഓടി ഞെട്ടിച്ച കർണാടക സ്വദേശി ശ്രീനിവാസ ഗൗഡ സായ് ട്രയൽസിൽ പങ്കെടുക്കാൻ വീണ്ടും സന്നദ്ധത അറിയിച്ചു. ഇന്നലെ ട്രയൽസിൽ പങ്കെടുക്കില്ലെന്ന് പറഞ്ഞ ശ്രീനിവാസ ഇന്ന് വീണ്ടും നിലപാട് മാറ്റുകയായിരുന്നു.

‘മാർച്ച് ആദ്യവാരം വരെ കമ്പള മത്സരങ്ങളുടെ തിരക്കിലാണ്. അത് കഴിഞ്ഞ് ട്രയൽസിൽ പങ്കെടുക്കാമെന്ന് കരുതുന്നു. സായ് അധികൃതരുമായി വീണ്ടും സംസാരിക്കും. ചെളിയിൽ ഓടുന്നത് പോലെ ട്രാക്കിൽ ഓടാൻ കഴിയുമെന്ന് തോന്നുന്നില്ല,’- ശ്രീനിവാസ ഗൗഡ വിശദീകരിച്ചു.

മൂഡബ്രിദ്രി സ്വദേശിയായ കാളയോട്ടക്കാരൻ ശ്രീനിവാസ ഗൗഡയ്ക്ക് തിങ്കളാഴ്ച ബംഗളൂരുവിൽ വച്ച് ട്രയൽസ് നടത്താനായിരുന്നു തീരുമാനം. ട്രയൽസിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ട് ശ്രീനിവാസ ഗൗഡയ്ക്ക് സായ് ട്രെയിൻ ടിക്കറ്റ് നൽകിയിരുന്നു. കമ്പള ഓട്ട മത്സരത്തിൽ ചരിത്രത്തിൽ ഏറ്റവും വേഗമേറിയ ഓട്ടക്കാരനായി ശ്രീനിവാസ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ചെളി പുതഞ്ഞ് കിടക്കുന്ന വയലിലൂടെ ഒരു ജോടി പോത്തുകൾക്കൊപ്പം മത്സരാർത്ഥി ഓടുന്നതാണ് കമ്പള ഓട്ടം. നിർമ്മാണത്തൊഴിലാളിയായ ശ്രീനിവാസിന്റെ മിന്നുന്ന പ്രകടനം ഉസൈൻ ബോൾട്ടിനേക്കാൾ വേഗത്തിലാണെന്നായിരുന്നു കണക്കുകൾ. 28കാരനായ ശ്രീനിവാസ 142 മീറ്റർ കമ്പള ഓട്ടം 13.42 സെക്കൻറിൽ പൂർത്തിയാക്കി. 140 മീറ്റർ ഓട്ടം പൂർത്തിയാക്കിയ വേഗം കണക്കുകൂട്ടിയാൽ നൂറുമീറ്റർ ദൂരം 9.55 സെക്കന്റിൽ ശ്രീനിവാസ പൂർത്തിയാക്കിയിരിക്കമെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച കണക്ക്. ഇത് ലോകചാമ്പ്യനായ ഉസൈൻ ബോൾട്ടിന്റെ റെക്കോർഡിനേക്കാൾ 0.03 സെക്കൻറ് മുന്നിലാണ്. സംഭവം വൈറലായതോടെയാണ് ശ്രീനിവാസ ഗൗഡയെ സായ് സെലക്ഷന് ക്ഷണിച്ചത്.

Exit mobile version