ഷഹീൻബാഗിലെ അനിശ്ചിതകാല സമരക്കാരോട് സംസാരിക്കാൻ മധ്യസ്ഥ സംഘത്തെ നിയോഗിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹിയിലെ ഷഹീൻബാഗിൽ അനിശ്ചിതകാല സമരം നടത്തുന്ന പ്രക്ഷോഭകരുമായി ചർച്ച നടത്താൻ സുപ്രീംകോടതി മധ്യസ്ഥ സംഘത്തെ നിയോഗിച്ചു. ഇപ്പോൾ നടത്തുന്ന സ്ഥലത്ത് നിന്ന് സമരം മാറ്റുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്തുകയാണ് മധ്യസ്ഥ സംഘത്തിന്റെ ലക്ഷ്യം. മുതിർന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്ഡെ, സാധന രാമചന്ദ്രൻ എന്നിവരെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.

ഇവരെ സാഹിയിക്കാൻ മുൻ ചീഫ് ഇൻഫർമേഷൻ ഓഫീസർ വജഹ്ത് ഹബീബുള്ളയേയും നിയോഗിച്ചു. രണ്ടു മാസത്തോളമായി ഷഹീൻബാഗിൽ പ്രതിഷേധം തുടരുന്നുണ്ട്. പ്രതിഷേധക്കാരെ ഇവിടെ നിന്ന് മറ്റൊരിടത്തേക്ക് മാറ്റാൻ പ്രേരിപ്പിക്കുകയാണ് ഇവരുടെ ചുമതല. ജസ്റ്റിസുമാരായ എസ്‌കെ കൗൾ, കെഎം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം. ഹർജിയിൽ ഫെബ്രുവരി 24-ന് വീണ്ടും വാദം കേൾക്കും.

പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം മൗലിക അവകാശമാണ്. അതേസമയം റോഡ് തടഞ്ഞ് നടത്തുന്ന സമരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതിഷേധിക്കുന്നതിന് ഒരു പ്രശ്നവുമില്ലെന്നും എന്നാൽ നാളെ മറ്റൊരു സമൂഹം വേറൊരു സ്ഥലത്ത് ഇതുപോലെ പ്രതിഷേധം നടത്തും. അപ്പോഴും ഗതാഗതം തടസപ്പെടും. എല്ലാവരും റോഡുകൾ ഇങ്ങനെ തടസപ്പെടുത്തിയാൽ ആളുകൾ എവിടെ പോകുമെന്നത് മാത്രമാണ് കോടതിയുടെ ആശങ്കയെന്ന് ജസ്റ്റിസ് എസ് കൗൾ പറഞ്ഞു.

Exit mobile version