ലക്ഷങ്ങൾ വിലവരുന്ന ബിസ്‌കറ്റുമായി പോയ ലോറി മോഷ്ടാക്കൾ തട്ടിയെടുത്തു; പിന്തുടർന്ന് വെടിവെപ്പിലൂടെ ലോറി വീണ്ടെടുത്ത് പോലീസ്; അതിസാഹസം

നോയിഡ: ബിസ്‌കറ്റ് കയറ്റി ഗ്രേറ്റർ നോയിഡയിലേക്ക് തിരിച്ച ലോറി മോഷ്ടാക്കൾ തട്ടിയെടുത്തു. പിന്നാലെ പാഞ്ഞെത്തിയ പോലീസ് സംഘം അതിസാഹസികമായി ഏറ്റുമുട്ടലിന് ഒടുവിൽ മോഷ്ടാക്കളെ കീഴടക്കി ലോറി തിരിച്ചെടുക്കുകയും ചെയ്തു. കഴിഞ്ഞദിവസം രാത്രി സുരാജ്പുർ വ്യവസായമേഖലയ്ക്ക് സമീപമായിരുന്നു സംഭവം.

ഗ്രേറ്റർ നോയിഡയിലെ ഗോഡൗണിലേക്ക് ബിസ്‌കറ്റുമായി പോവുന്നതിനിടെ ബദർപുരിൽ നിർത്തിയിട്ടിരുന്ന ലോറി വെള്ളിയാഴ്ച രാവിലെയാണ് മൂന്നംഗസംഘം തട്ടിയെടുത്തത്. വിശ്രമിക്കാനും സുഹൃത്തിനെ കാണാനുമായി ഡ്രൈവർ ലോറി നിർത്തിയിട്ടപ്പോഴായിരുന്നു സംഭവം.

ഏകദേശം 11 ലക്ഷത്തിലധികം രൂപയുടെ ബിസ്‌കറ്റുകളായിരുന്നു ലോറിയിലുണ്ടായിരുന്നത്. സുഹൃത്തിനെ കണ്ട് തിരികെയത്തിയപ്പോൾ ലോറി കാണാതായതോടെ ഡ്രൈവർ ഉടൻതന്നെ വാഹന ഉടമയെ വിവരമറിയിച്ചു. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന വാഹന ഉടമ പോലീസിൽ പരാതി നൽകി. ലോറിയിൽ ഘടിപ്പിച്ച ജിപിഎസ് പിന്തുടർന്ന് പോലീസ് ലോറി കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ സുരജ്പുർ വ്യവസായമേഖലയ്ക്ക് സമീപമാണ് പോലീസ് ലോറി കണ്ടെത്തിയത്. പാഞ്ഞുകൊണ്ടിരുന്ന ലോറിയെ പിന്തുടർന്നെത്തിയ പോലീസ് ലോറി നിർത്താൻ ആവശ്യപ്പെട്ടെങ്കിലും നിർദേശം അവഗണിച്ച മൂന്നംഗ സംഘം പോലീസിന് നേരേ വെടിയുതിർക്കുകയായിരുന്നു.

ഇതോടെ പോലീസും തിരികെ വെടിവെച്ചു. ഇതിനിടെ മോഷ്ടാക്കളിലൊരാൾക്ക് കാലിൽ വെടിയേറ്റതോടെ അക്രമികൾ ലോറിനിർത്തി. രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും മൂന്നാമൻ ഓടിരക്ഷപ്പെട്ടു.

ഗാസിയബാദ് സ്വദേശി ലോകേഷ്, അലിഗഢ് സ്വദേശി കർത്താർ എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് രണ്ട് നാടൻ തോക്കുകളും പിടിച്ചെടുത്തു. പ്രതികൾക്കെതിരെ വധശ്രമത്തിനും കേസെടുത്തിട്ടുണ്ട്.

Exit mobile version