തന്റേടമുണ്ട് എങ്കിൽ മഹാരാഷ്ട്ര സഖ്യ സർക്കാരിനെ അട്ടിമറിക്ക്; ബിജെപിയെ വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ

മുംബൈ: മഹാരാഷ്ട്രയിലെ സർക്കാരിനെ അട്ടിമറിക്കാൻ ധൈര്യമുണ്ടോ എന്ന് ബിജെപിയെ വെല്ലുവിളിച്ച് മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ. തന്റേടമുണ്ടെങ്കിൽ മഹാ വികാസ് അഘാഡി സർക്കാരിനെ അട്ടിമറിക്കൂവെന്നാണ് താക്കറെ ബിജെപിയെ വെല്ലുവിളിച്ചിരിക്കുന്നത്. ഭീമ-കൊറേഗാവ് അന്വേഷണവുമായി ബന്ധപ്പെട്ട വിഷയത്തിൽ എൻസിപിയുടെ നിലപാട് തള്ളിയും ദേശീയ പൗരത്വ രജിസ്റ്റർ വിഷയത്തിൽ കോൺഗ്രസ് നയത്തിനെതിരെയും ഉദ്ധവ് താക്കറെ പരസ്യനിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെ, സർക്കാർ ഉടൻ വീഴുമെന്നു പ്രതിപക്ഷം പ്രചരിപ്പിക്കുന്നതിനോടു പ്രതികരിക്കുകയായിരുന്നു ഉദ്ധവ്.

കർണാടകയിലേതുപോലെ ‘ഓപ്പറേഷൻ താമര’ വിരിയിക്കാനായി കാത്തിരിക്കുകയാണ് ബിജെപി. ഇതിനായി ഡിസംബറിൽ ഇടക്കാല തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണു ബിജെപിയുടെ പ്രചാരണം. എന്നാൽ, മഹാരാഷ്ട്രയിൽ ആ ‘ഓപ്പറേഷന്’ താൻ അവരെ വെല്ലുവിളിക്കുകയാണ്. മഹാ വികാസ് അഘാഡി എന്നത് താൻ ആസൂത്രിതമായി ചെയ്ത പദ്ധതിയല്ല. 25 വർഷം ബിജെപിയുമായി സഖ്യത്തിലുണ്ടായിരുന്ന പാർട്ടിയാണ് ശിവസേന. എന്നിട്ടും തന്റെ നേതൃത്വത്തെയും ശിവസേനയുടെ വികാരത്തെയും അവർ അംഗീകരിച്ചില്ല. എന്നാൽ, പുതിയ സഖ്യകക്ഷികളായ എൻസിപിയും കോൺഗ്രസും സേനയെ എത്രമാത്രം വിശ്വാസത്തിൽ എടുത്തെന്നു നോക്കൂവെന്നും ഉദ്ധവ് പറഞ്ഞു.

ഭീമ-കൊറേഗാവ് കേസ് എൻഐഎ ഏറ്റെടുത്തതിനെ ഉദ്ധവ് അനുകൂലിച്ചതിനെതിരെ ശരദ് പവാർ പരസ്യ വിമർശനം ഉന്നയിച്ചതോടെയാണു കോൺഗ്രസ് എൻസിപി ശിവസേനാ സഖ്യത്തിൽ ഭിന്നതയെന്ന പ്രചാരണം ഉയർന്നത്.

Exit mobile version