‘ഡൽഹിക്കാരേ..നിങ്ങളുടെ മകനെ അനുഗ്രഹിക്കൂ’; സത്യപ്രതിജ്ഞയ്ക്ക് വീണ്ടും ജനങ്ങളെ ക്ഷണിച്ച് കെജരിവാൾ

arvind kejriwal1

ന്യൂഡൽഹി: ഡൽഹിയുടെ മകനെന്ന് സ്വയം വിശേഷിപ്പിച്ച് വീണ്ടും സാധാരണക്കാരായ ജനങ്ങളെ തന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ച് അരവിന്ദ് കെജരിവാൾ. സത്യപ്രതിജ്ഞയ്ക്ക് നിമിഷങ്ങൾ മാത്രം ശേഷിക്കെയാണ് ഒരിക്കൽ കൂടി ജനങ്ങളുടെ അനുഗ്രഹവും തേടി നിയുക്ത ഡൽഹി മുഖ്യമന്ത്രി കെജരിവാൾ രംഗത്തെത്തിയിരിക്കുന്നത്. ഉച്ചയ്ക്ക് 12.15ന് രാം ലീല മൈതാനിയിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ എല്ലാവരും മറക്കാതെ പങ്കെടുക്കണമെന്നും കെജരിവാൾ രാവിലെ ട്വീറ്റ് ചെയ്തു.

‘ഡൽഹിക്കാരേ, നിങ്ങളുടെ മകൻ മൂന്നാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ പോകുകയാണ്. മകനെ അനുഗ്രഹിക്കാൻ നിങ്ങളൊക്കെ തീർച്ചയായും എത്തണം’- കെജരിവാൾ ട്വീറ്റ് ചെയ്തു. ഓട്ടോറിക്ഷാ ഡ്രൈവർമാർ, വിദ്യാർത്ഥികൾ, അധ്യാപകർ, ഡോക്ടർമാർ, തൊഴിലാളികൾ തുടങ്ങിയവരായിരിക്കും സത്യപ്രതിജ്ഞ ചടങ്ങിലെ വിശിഷ്ടാതിഥികളെന്ന് ശനിയാഴ്ച കെജരിവാൾ ട്വീറ്റ് ചെയ്തിരുന്നു. ഡൽഹി സർക്കാർ സ്‌കൂൾ വിദ്യാർത്ഥിയും ടെന്നീസ് താരവുമായ സുമിത് നാഗൽ, ഓട്ടോ ഡ്രൈവറായ ലക്ഷ്മൺ ചൗധരി, അധ്യാപകനായ മനു ഗുലാത്തി, കർഷകനായ ദൽബീർ സിങ് തുടങ്ങിയവരൊക്കെയാണ് ആം ആദ്മി പാർട്ടി പുറത്തുവിട്ട വിശിഷ്ടാതിഥി പട്ടികയിൽ ഉൾപ്പെട്ടവർ.

കെജരിവാളിനൊപ്പം ആറ് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മനീഷ് സിസോദിയ, സത്യേന്ദർ ജെയിൻ, ഗോപാൽ റായ്, കൈലാഷ് ഗെഹ്‌ലോട്ട്, ഇമ്രാൻ ഹുസൈൻ, രാജേന്ദ്ര ഗൗഗം എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാർ.

Exit mobile version