ലൈബ്രറിയിൽ കയറി വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ച് ഡൽഹി പോലീസ്; ജാമിയ സർവകലാശാലയിലെ വീഡിയോ പുറത്ത്; വെട്ടിലായി കേന്ദ്രം

ന്യൂഡൽഹി: പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾക്കിടയിൽ ഡിസംബർ 15-ന് ജാമിയ മിലിയ സർവകലാശാലയിലെ ലൈബ്രറിയിൽ കയറി ഡൽഹി പോലീസ് വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ജാമിയ ലൈബ്രറിയിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികളെ പോലീസ് മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മുഖം മറച്ചുകൊണ്ട് ലൈബ്രറിയിലേക്ക് കടന്നുകയറിയ പോലീസ് ഉദ്യോഗസ്ഥർ അവിടെ ഇരുന്ന് പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന വിദ്യാർത്ഥികളെ ലാത്തി ഉപയോഗിച്ച് മർദ്ദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. യാതൊരു പ്രകോപനവുമില്ലാതെ വിദ്യാർത്ഥികളെ മർദ്ദിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തെത്തിയതോടെ ഡൽഹി പോലീസിനെ നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ വിരൽ ചൂണ്ടപ്പെടുകയാണ്. പോലീസിന്റഎ മർദ്ദനത്തിൽ നിന്നും വിദ്യാർത്ഥികൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലും പോലീസ് മർദ്ദനം തുടരുന്നുണ്ട്. ഉപകരണങ്ങളും നശിപ്പിക്കുന്നു.

ജാമിയ കോർഡിനേഷൻ കമ്മിറ്റിയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ലൈബ്രറി റീഡിങ് ഹാളിൽ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ജാമിയയിലെ വിദ്യാർത്ഥികളോടുള്ള പോലീസിന്റെ ക്രൂരമായ നടപടി സർക്കാർ സ്പോൺസർ ചെയ്ത തീവ്രവാദ ആക്രമണമാണെന്ന് കോർഡിനേഷൻ കമ്മിറ്റി ആരോപിച്ചു.

അതേസമയം, ജാമിയ സംഘർഷവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ക്രൈംബ്രാഞ്ചിന് നേരത്തെ കൈമാറിയതാണെന്ന് ഡൽഹി പോലീസ് പ്രതികരിച്ചു. വീഡിയോ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും വ്യക്തമാക്കി.

Exit mobile version