വല്യ കെജ്രിവാള്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാന്‍ കുഞ്ഞു കെജ്രിവാളും എത്തും; പ്രത്യേകം ക്ഷണിച്ച് എഎപി

ന്യൂഡല്‍ഹി; ഡല്‍ഹിയില്‍ മുഖ്യമന്ത്രിയായി വലിയ കെജ്രിവാള്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് ‘കുഞ്ഞു കെജ്രിവാളി’നും ക്ഷണം. ഞായറാഴ്ച രാംലീലാ മൈതാനത്ത് അരവിന്ദ് കെജ്രിവാള്‍ സത്യവാചകം ചൊല്ലുന്നത് കാണാന്‍ അവ്യാന്‍ തോമറും എത്തും. അപ്രതീക്ഷിതമായി കൈവന്ന ഭാഗ്യത്തിന്റെ സന്തോഷത്തിലാണ് അവ്യാന്റെ കുടുംബം.

എന്നാല്‍ കളിചിരിയുമായി ഓടിനടക്കുന്ന ‘കുഞ്ഞു കെജ്രിവാള്‍’ ഇക്കാര്യം അറിഞ്ഞമട്ടില്ല. എഎപിയുടെ വിജയാഘോഷത്തിനിടെ ദീന്‍ ദയാല്‍ ഉപാധ്യായ മാര്‍ഗിലെ പാര്‍ട്ടി ഓഫീസിലെ ആള്‍ക്കൂട്ടത്തിനിടയില്‍ കെജ്രിവാളിന്റെ വേഷം ധരിച്ചെത്തിയതോടെയാണ് ഒരുവയസ്സും രണ്ടുമാസവുമുള്ള അവ്യാന്‍ താരമായത്.

സോഷ്യല്‍മീഡിയയില്‍ അവ്യാന്റെ ഫോട്ടോ വൈറലായി. ഇതിന് പിന്നാലെയാണ് അവ്യാനെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് എഎപി പ്രത്യേകം ക്ഷണിച്ചത്. അരവിന്ദ് കെജ്രിവാളിന്റെ കടുത്ത ആരാധകരായ അവ്യാന്‍ തോമറിന്റെ കുടുംബം സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍.

Exit mobile version