ഓടുന്ന മെട്രോയിൽ ഇനി വിവാഹവും പിറന്നാളും എല്ലാം ആഘോഷിക്കാം; മെട്രോ ട്രെയിൻ വിട്ടു നൽകാൻ തീരുമാനം

നോയ്ഡ: വിവാഹവും പിറന്നാൾ ആഘോഷവും ഉൾപ്പടെയുള്ള എന്നും ഓർത്തിരിക്കാൻ ആഗ്രഹിക്കുന്ന നിമിഷങ്ങൾ മനോഹരമാക്കാൻ ഇതാ പുതിയ ടെക്‌നിക്ക്. പുതുമയിൽ തന്നെ ആഘോഷങ്ങൾ ഗംഭീരമാക്കാൻ മെട്രോ ട്രെയിൻ തന്നെ വിട്ടുനൽകുകയാണ് നോയ്ഡ മെട്രോ റെയിൽ കോർപ്പറേഷൻ. ആഘോഷങ്ങൾക്ക് വേദിയൊരുക്കുന്നതിനായി കോച്ചുകൾ നേരത്തെ ബുക്ക് ചെയ്താൽ മാത്രം മതി. മണിക്കൂറിന് 5000 രൂപമുതൽ 10,000 രൂപവരെയാണ് ചെലവ്.

ട്രെയിന്റെ പ്രവർത്തന സമയത്തും അല്ലാത്തപ്പോഴും ആഘോഷം സംഘടിപ്പിക്കാം. നോയ്ഡ മെട്രോ റെയിലിനും വരുമാനമാകുകയും അതോടൊപ്പം ആഘോഷിക്കാനൊരു പുതുവഴിയും ഇതിലൂടെ സൃഷ്ടിക്കപ്പെടുമെന്ന് മെട്രോ റെയിൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ പിഡി ഉപാധ്യായ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു

അതിഥികളുടെ എണ്ണം അടിസ്ഥാനമാക്കി നാലു വിഭാഗങ്ങളായാണ് ആഘോഷത്തിന് അവസരമുള്ളത്.
ഓടുന്ന മെട്രോയിൽ അലങ്കാരങ്ങളില്ലാത്ത കോച്ച്-8000 രൂപ
നിർത്തിയിട്ടിരിക്കുന്ന അലങ്കാരങ്ങളില്ലാത്ത കോച്ച്-5000 രൂപ
ഓടുന്ന മെട്രോയിൽ അലങ്കാരങ്ങളുള്ള കോച്ച്-10,000 രൂപ
നിർത്തിയിട്ടിരിക്കുന്ന അലങ്കാരങ്ങളുള്ള കോച്ച്-7000 രൂപ.

തിരിച്ചുലഭിക്കുന്ന സെക്യൂരിറ്റിയായി 20,000 രൂപയും നൽകി 15 ദിവസംമുമ്പെങ്കിലും അപേക്ഷ നൽകി ബുക്ക് ചെയ്യണം. മെട്രോ സമയങ്ങളിലാകും ഓടുന്ന കോച്ചുകൾ അനുവദിക്കുക. ഓടാത്ത സമയമായ രാത്രി 11 മുതൽ പുലർച്ചെ രണ്ടുവരെയാകും നിർത്തിയിട്ടിരിക്കുന്ന കോച്ച് അനുവദിക്കുക. നാലു കോച്ചുവരെയാണ് ബുക്ക് ചെയ്യാൻ അവസരം.

Exit mobile version