ട്രംപിന്റെ സന്ദർശനത്തിന് മുമ്പ് തന്നെ ഇടപാട് ഉറപ്പിച്ച് ഇന്ത്യ; യുഎസിൽ നിന്നും വാങ്ങുന്നത് കാൽ ലക്ഷം കോടിയുടെ ഹെലികോപ്റ്ററുകൾ

ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിൽ സന്ദർശനത്തിന് എത്തുന്നതിന് മുന്നോടിയായി കാൽ ലക്ഷം കോടി രൂപയുടെ ഹെലികോപ്റ്റർ ഇടപാടിന് ധാരണയായി. 30 ഹെലികോപ്റ്ററുകൾ വാങ്ങാനാണ് തീരുമാനം. ഇക്കാര്യം അടുത്ത ആഴ്ച കേന്ദ്രമന്ത്രിസഭാ യോഗം പരിഗണിക്കും. ഇന്ത്യൻ നാവിക സേനയ്ക്ക് വേണ്ടി എംഎച്ച്-60ആർ സീഹോക്ക് ഹെലികോപ്ടറുകൾ വാങ്ങാനാണ് നീക്കമെന്നാണ് വിവരം.
ഡൊണാൾഡ് ട്രംപ് ഈ മാസം 24, 25 തീയതികളിലാണ് ഇന്ത്യയിൽ സന്ദർശനം നടത്തുക. പ്രസിഡന്റ് ട്രംപിനൊപ്പം ഭാര്യ മെലാനിയയും അനുഗമിക്കും. ഡൽഹിക്ക് പുറമെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രത്യേക ക്ഷണപ്രകാരം അഹമ്മദാബാദും ട്രംപ് സന്ദർശിച്ചേക്കും.

യുഎസ് പ്രതിരോധ ആയുധ നിർമ്മാതാക്കളായ ലോക്ക്ഹീഡ് മാർട്ടിനിൽ നിന്ന് സൈനിക ഹെലികോപ്ടറുകൾ വാങ്ങിക്കുന്നതിനൊപ്പം ഡൽഹിയുടെ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള നംസാസ് മിസൈൽ സംവിധാനവും ഇന്ത്യ വാങ്ങാൻ പദ്ധതിയിടുന്നുണ്ട്. രാജ്യതലസ്ഥാനമായ ഡൽഹിയുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി അമേരിക്കയിൽ നിന്ന് നാഷണൽ അഡ്വാൻസ്ഡ് സർഫസ് ടു എയർ മിസൈൽ സിസ്റ്റം-2(നംസാസ്-2) വാങ്ങുന്നത് 14000 കോടി രൂപയ്ക്കാണ്.

ഇതോടൊപ്പം ട്രംപിന്റെ സന്ദർശനത്തിൽ ഇന്ത്യ -അമേരിക്ക വ്യാപാരക്കരാറും ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

Exit mobile version