ഉത്തര്‍പ്രദേശിലെ ഇസ്ലാമിക മതപഠന കേന്ദ്രം ഭീകരവാദികളെ ഉത്പാദിപ്പിക്കുന്നു; ഡല്‍ഹിയിലെ തോല്‍വിക്ക് പിന്നാലെ വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി

നേരത്തെയും ഷഹീന്‍ ബാഗില്‍ പ്രതിഷേധിക്കുന്ന സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശവുമായി ഗിരിരാജ് സിംഗ് രംഗത്ത് വന്നിട്ടുണ്ട്.

ന്യൂഡല്‍ഹി; ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിനു പിന്നാലെ വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ഉത്തര്‍പ്രദേശിലെ ഇസ്ലാമിക മതപഠന കേന്ദ്രമായ ദയൂബന്ദ് ഭീകരവാദികളെ ഉത്പാദിപ്പിക്കുന്ന ഇടമാണെന്നാണ് മന്ത്രിയുടെ പരാമര്‍ശം. “ഭീകരവാദികളുടെ ഉറവിടമാണ് ദയൂബന്ദ് എന്ന് ഞാന്‍ മുമ്പ് പറഞ്ഞിട്ടുണ്ടായിരുന്നു. ഹാഫിസ് സയ്യിദും അതുപോലുള്ളവരുമടക്കം ലോകത്തെ മിക്ക പിടികിട്ടാപ്പുള്ളികളായ ഭീകരവാദികളും ദയൂബന്ദില്‍നിന്നാണ് പുറത്തുവരുന്നത്” – ഗിരിരാജ് സിംഗ് പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്ത് രണ്ട് മാസമായി പ്രതിഷേധം നടക്കുന്ന ഉത്തര്‍പ്രദേശിലെ ദയൂബന്ദും ഡല്‍ഹിയിലെ ഷഹീന്‍ ബാഗും ചാവേറുകളെ ഉണ്ടാക്കുന്ന ഇടമാണെന്നും ഗിരിരാജ് സിംഗ് കൂട്ടിച്ചേര്‍ത്തു. ഈ ആളുകളൊന്നും പൗരത്വ ഭേദഗതി നിയമത്തിനല്ല എതിര്, അവര്‍ ഇന്ത്യക്ക് എതിരാണ്. ഇത് ഒരു തരത്തിലുള്ള ഖിലാഫത് പ്രതിഷേധമാണെന്നും ഗിരിരാജ് സിംഗ് ആരോപിച്ചു.

നേരത്തെയും ഷഹീന്‍ ബാഗില്‍ പ്രതിഷേധിക്കുന്ന സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശവുമായി ഗിരിരാജ് സിംഗ് രംഗത്ത് വന്നിട്ടുണ്ട്. ഷഹീന്‍ ബാഗ് ചാവേറുകളെ വളര്‍ത്തുകയാണെന്നാണ് അന്നും ഗിരിരാജ് സിംഗ് ആരോപിച്ചത്.

Exit mobile version