ചാണകത്തെപ്പറ്റി കൂടുതല്‍ ഗവേഷണം; ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യും; കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ചാണകത്തെപ്പറ്റി കൂടുതല്‍ ഗവേഷണം നടത്തണമെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിംഗ്. 12 സംസ്ഥാനങ്ങളിലെ വൈസ് ചാന്‍സലര്‍മാര്‍ക്കും വെറ്റിനറി ഡോക്ടര്‍മാര്‍ക്കും വേണ്ടി നടത്തിയ ഒരു പരിപാടിയില്‍ സംസാരിക്കവേയായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസ്താവന.

ചാണകത്തെപ്പറ്റി കൂടുതല്‍ ഗവേഷണം നടത്തണം. പശുക്കള്‍ പാല്‍ ഉല്പാദനം നിര്‍ത്തിയാലും അവയെ മികച്ച രീതിയില്‍ പരിപാലിക്കാന്‍ ആവശ്യമായ പണം കണ്ടെത്താന്‍ ഇത് കര്‍ഷകരെ സഹായിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

തെരുവിലൂടെ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന പശുക്കള്‍ ഉത്തര്‍പ്രദേശില്‍ വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. കൃഷിക്കാര്‍ക്ക് ചാണകത്തില്‍ നിന്നും ഗോമൂത്രത്തില്‍ നിന്നും പണം സമ്പാദിക്കാന്‍ കഴിയുമെങ്കില്‍ അവര്‍ അവരുടെ കന്നുകാലികളെ ഉപേക്ഷിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു.

പശുവിന്റെ പാല്‍, ചാണകം, മൂത്രം എന്നിവയില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കാന്‍ വലിയ സാധ്യതയുണ്ട്, ഇത് ആത്യന്തികമായി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്നും ഗിരിരാജ് സിംഗ് പറഞ്ഞു.

Exit mobile version