‘തിരിച്ചുവരാതെ ബിജെപി; ഇത് മോഡിയുടെ പരാജയം’; കെജരിവാളിന്റെ വിജയം വിദേശ മാധ്യമങ്ങൾ ആഘോഷിച്ചത് ഇങ്ങനെ

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ അരവിന്ദ് കെജരിവാളിന്റെ ആം ആദ്മി പാർട്ടി ഗംഭീര വിജയം സ്വന്തമാക്കുകയും ബിജെപിയെ തറപറ്റിക്കുകയും ചെയ്തത് ആഘോഷമാക്കി വിദേശ മാധ്യമങ്ങളും. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കേറ്റ കനത്ത തിരിച്ചടിയായാണ് ലോക മാധ്യമങ്ങൾ ബിജെപിയുടെ പരാജയത്തെ വിശേഷിപ്പിക്കുന്നത്.

‘തിരിച്ചുവരാൻ കഴിയാതെ ഡൽഹിയിൽ മോഡിയുടെ പാർട്ടി’ എന്നാണ് ന്യൂയോർക്ക് ടൈംസിന്റെ തലക്കെട്ട്. മോഡി പൗരത്വ പ്രശ്‌നത്തെ മുൻനിർത്തി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയപ്പോൾ സമരക്കാരെ വെടിവെക്കണമെന്നാണ് ഒരു മന്ത്രി പറഞ്ഞതെന്നും ഇതെല്ലാം വോട്ട് ബിജെപിക്ക് നഷ്ടപ്പെടുത്തിയെന്നുമാണ് വാർത്തയ്ക്കുള്ളിൽ പറയുന്നത്. അതേസമയം, ബിജെപിയുടെ രാഷ്ട്രീയ തന്ത്രമായ ഹിന്ദു ദേശീയതയെ കെജരിവാൾ ഫലവത്തായി ഉപയോഗിച്ചതും വിജയം ഉറപ്പാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, ‘മോഡിയുടെ പരാജയം’ എന്നാണ് വാഷിങ്ടൺ പോസ്റ്റ് ഡൽഹി വിജയം വാർത്തയാക്കിയത്. ആം ആദ്മി പാർട്ടിയുടെ വികസന പദ്ധതികളാണ് വീണ്ടും കെജരിവാളിനെ അധികാരത്തിലേറ്റിയതെന്നും വാഷിങ്ടൺ പോസ്റ്റ് പറയുന്നു. ഡൽഹിയിലേത് മോഡിയുടെയും ബിജെപിയുടെയും പരാജയമാണെന്നാണ് ‘ദ ഗാർഡിയ’ന്റെ നിരീക്ഷണം.

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ പാളിയെന്ന് ‘അൽ ജസീറ’ റിപ്പോർട്ട് ചെയ്തു. കെജരിവാൾ സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളാണ് വോട്ടായി മാറിയതെന്നും ഡൽഹിയിലേത് ബിജെപിക്കേറ്റ തിരിച്ചടിയാണെന്നുമാണ് ‘ബിബിസി’യുടെ റിപ്പോർട്ട്.

Exit mobile version