ഷീല ദീക്ഷിത് മുഖ്യമന്ത്രി ആയിരുന്ന സമയത്തു തന്നെ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച ആരംഭിച്ചു; പിസി ചാക്കോ

ആം ആദ്മി പാര്‍ട്ടി വന്നതോടെ കോണ്‍ഗ്രസിന്റെ വോട്ട് ബാങ്ക് മുഴുവന്‍ അങ്ങോട്ട് പോയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ന്യൂഡല്‍ഹി: 2013 മുതലാണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച ആരംഭിച്ചതെന്ന് ഡല്‍ഹിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോ. ആം ആദ്മി പാര്‍ട്ടി വന്നതോടെ കോണ്‍ഗ്രസിന്റെ വോട്ട് ബാങ്ക് മുഴുവന്‍ അങ്ങോട്ട് പോയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഷീല ദീക്ഷിത് മുഖ്യമന്ത്രി ആയിരുന്ന സമയത്തു തന്നെ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച ആരംഭിച്ചെന്നും, ആം ആദ്മി പാര്‍ട്ടിയിലേക്ക് പോയ വോട്ടുകള്‍ ഇപ്പോഴും അവിടെ തന്നെ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് നഷ്ടമായ വോട്ടുകള്‍ തിരിച്ചു പിടിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും പിസി ചാക്കോ പ്രതികരിച്ചു.

കൂടാതെ, ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പരാജയം നല്‍കുന്നത് നല്ല സന്ദേശമല്ലെന്ന് പാര്‍ട്ടി എംപി അധിര്‍ രഞ്ജന്‍ ചൗധരി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

അതേസമയം, ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പൂര്‍ണ്ണമായും പരാജയപ്പെട്ടതിന് പിന്നാലെ പാര്‍ട്ടി അധ്യക്ഷന്‍ സുഭാഷ് ചോപ്ര രാജിവെച്ചു. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് സുഭാഷ് ചോപ്രയുടെ രാജി.

Exit mobile version