കഴിവിന്‌റെ പരമാവധി വിദ്വേഷ പ്രചാരണം നടത്തിയിട്ടും രക്ഷയില്ല; ഡല്‍ഹിയില്‍ ബിജെപിയുടെ കണക്കുകൂട്ടലുകളെല്ലാം പിഴച്ചു

ന്യൂഡല്‍ഹി; ബിജെപി നേതാക്കളെല്ലാം തങ്ങളുടെ കഴിവിന്‌റെ പരമാവധി വിദ്വേഷ പ്രചാരണം നടത്തിയ തെരഞ്ഞെടുപ്പായിരുന്നു ഇത്തവണ ഡല്‍ഹിയിലേത്. എന്നാല്‍ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് വിദ്വേഷം വിളമ്പിയിടത്തെല്ലാം കനത്തപരാജയമായിരുന്നു ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍ നേരിട്ടത്.

പരമാവധി വിദ്വേഷ, വര്‍ഗീയ പ്രസ്താവനകള്‍ നടത്താന്‍ മത്സരിക്കുകയായിരുന്നു ബിജെപി നേതാക്കള്‍. സിഎഎക്കെതിരായ പ്രതിഷേധം ശക്തമായി തുടരുമ്പോഴും ഇതിനെ ഉന്നംവെച്ചായിരുന്നു ബഹുഭൂരിപക്ഷവും വിദ്വേഷ പ്രചാരണം നടത്തിയത്. ഇതിന്റെ പേരില്‍ ബിജെപിയുടെ പല നേതാക്കള്‍ക്കെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുത്തിരുന്നു.

എന്നാല്‍ ഇത്തരം സംഭവമൊന്നും കണക്കിലെടുക്കാതെ ബിജെപി വിദ്വേഷ പ്രചാരണം നടത്തുന്നതില്‍ നന്നായി ശ്രദ്ധിച്ചു. ഇത്തവണ ഭരണം കൈയ്യിലെത്തുമെന്ന് പ്രതീക്ഷിച്ച ബിജെപിക്ക് വന്‍ തിരിച്ചടി നല്‍കി ആം ആദ്മി പാര്‍ട്ടി 62 സീറ്റുകള്‍ പിടിച്ചെടുത്ത് ഡല്‍ഹിയില്‍ വിജയക്കൊടി പാറിച്ചു. ബിജെപിക്ക് വെറും എട്ടു സീറ്റുകളിലായി ഒതുങ്ങേണ്ടിയും വന്നു.

തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ട ബിജെപിയുടെ വിവാദ പ്രസ്താവനകള്‍ക്ക് ചുക്കാന്‍ പിടിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റാലി നയിച്ച 12 നിയോജകമണ്ഡലങ്ങളില്‍ മൂന്ന് സീറ്റുകള്‍ മാത്രമാണ് ബിജെപി നേടിയത്. ആം ആദ്മി സര്‍ക്കാര്‍ ശാഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ക്ക് ”ബിരിയാണി” വിളമ്പുകയാണെന്നായിരുന്നു യോഗിയുടെ റാലികളില്‍ ആവര്‍ത്തിച്ചുകേട്ട പ്രസ്താവന. ഇതിന്റെ പേരില്‍ യോഗിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കിയിരുന്നു.

ചെറിയ ഭൂരിപക്ഷത്തോടെ ബിജെപിയുടെ രാംവീര്‍ സിങ് ബിദുരി, മോഹന്‍ സിങ് ബിഷ്ത്, വിജേന്ദര്‍ ഗുപ്ത എന്നിവര്‍ ബദര്‍പൂര്‍, കാരവാള്‍ നഗര്‍, രോഹിണി എന്നിവിടങ്ങളില്‍ വിജയിച്ചപ്പോള്‍ ബാക്കി പാര്‍ട്ടി സ്ഥാനാര്‍ഥികളെല്ലാം തോറ്റു. പശ്ചിമ ഡല്‍ഹിയില്‍ നിന്നുള്ള ബിജെപി എംപി പര്‍വേഷ് വര്‍മ്മ വിവാദ പരാമര്‍ശം നടത്തിയ ജനക്പുരിയില്‍ ബിജെപി സ്ഥാനാര്‍ഥി ആശിഷ് സൂദ് ആം ആദ്മി പാര്‍ട്ടിയുടെ രാജേഷ് റിഷിയോട് 14,917 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.

19,158 വോട്ടുകള്‍ക്കാണ് പര്‍വേഷ് വര്‍മയുടെ അമ്മാവനും മുണ്ട്കയില്‍ നിന്നുള്ള പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ ആസാദ് സിങ് ആം ആദ്മി പാര്‍ട്ടിയുടെ ധരംപാല്‍ ലക്രയോട് തോറ്റത്. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെ കുപ്രസിദ്ധമായ ‘ദേശദ്രോഹികളെ വെടിവെച്ച് കൊല്ലൂ’ എന്ന ആഹ്വാനം നടത്തിയ റിത്താലയില്‍ ആം ആദ്മി പാര്‍ട്ടിയുടെ മൊഹീന്ദര്‍ ഗോയല്‍ ബിജെപിയുടെ മനീഷ് ചൗധരിയെ 13,817 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

മോഡല്‍ ടൗണില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ഥി കപില്‍ മിശ്ര ആം ആദ്മി പാര്‍ട്ടിയുടെ അഖിലേഷ് പടി ത്രിപാഠിയോട് പരാജയപ്പെട്ടു. ഡല്‍ഹി തെരഞ്ഞെടുപ്പിനെ ഇന്ത്യ – പാകിസ്താന്‍ മത്സരമായി വിശേഷിപ്പിച്ച കപില്‍ മിശ്രയെ പിന്നിലാക്കി 11133 വോട്ടുകള്‍ക്കായിരുന്നു എഎപി സ്ഥാനാര്‍ത്ഥിയുടെ വിജയം. എതിരാളികളെ ലക്ഷ്യമിട്ട് നേതാക്കള്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ മണ്ഡലങ്ങളില്‍ ബിജെപി സത്യത്തില്‍ തോറ്റ് തുന്നംപാടി.

Exit mobile version