കൃഷ്ണനെ ആരാധിക്കുന്ന മുസ്ലീം ബാലന് ഭഗവത് ഗീത ക്വിസ് മത്സരത്തില്‍ ഒന്നാംസ്ഥാനം; കുട്ടിയുടെ അറിവ് കണ്ട് വിധികര്‍ത്താക്കളും അമ്പരന്നു

ജയ്പൂര്‍: ഭഗവത് ഗീത ക്വിസ് മത്സരത്തില്‍ മറ്റ് മത്സരാര്‍ത്ഥികളെ പിന്തള്ളി മുസ്ലീം കൗമാരക്കാരന്‍ ഒന്നാമത്. 16കാരനായ അബ്ദുള്‍ കാഗ്‌സിയാണ് രണ്ടു ഘട്ടങ്ങളിലായി ആറുമാസം നീണ്ട കഠിനമായ ക്വിസ് മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയത്.

അക്ഷയ് പാത്ര ഫൗണ്ടേഷനുമായി സഹകരിച്ച് ഹരേ കൃഷ്ണ മിഷനാണ് രാജസ്ഥാനിലെ ജയ്പൂരില്‍ ഭഗവത് ഗീത ക്വിസ് മത്സരം സംഘടിപ്പിച്ചത്. ഡക്കിങ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയും ഒന്നാംസമ്മാനാര്‍ഹനുമായ അബ്ദുള്‍ കാഗ്‌സിയുടെ ഭഗവത് ഗീതയിലുള്ള ആഴത്തിലുളള അറിവ് കണ്ട് വിധികര്‍ത്താക്കളും ഒന്നടങ്കം അതിശയിച്ച് പോയി.

ലിറ്റില്‍ കൃഷ്ണ എന്ന കാര്‍ട്ടൂണ്‍ പരമ്പരയാണ് തന്നെ കൃഷ്ണനിലേക്ക് അടുപ്പിച്ചതെന്ന് അബ്ദുള്‍ കാഗ്‌സി പറഞ്ഞു. ഈ പരമ്പര കണ്ടതോടെ, കൃഷ്ണന്‍ എത്രമാത്രം ബുദ്ധിശാലിയാണ് എന്ന് തിരിച്ചറിഞ്ഞെന്നും അനായാസമായി പ്രശ്‌നങ്ങള്‍ തീര്‍ക്കുന്ന കൃഷ്ണനില്‍ തനിക്ക് ആരാധന തോന്നിയെന്നും കാഗ്‌സി പറഞ്ഞു.

തുടര്‍ന്ന് കൃഷ്ണനെ കുറിച്ച് മഥുരനാഥ് എഴുതിയ പുസ്തകം വായിക്കാന്‍ തുടങ്ങിയെന്നും കാഗ്‌സി പറഞ്ഞു. ഞായറാഴ്ചയാണ് 16കാരന് പുരസ്‌കാരം സമ്മാനിക്കുക. ജയ്പൂരില്‍ പലചരക്ക് കട നടത്തുകയാണ് അബ്ദുള്‍ കാഗ്‌സിയുടെ പിതാവ്. വിശ്വാസവുമായി ബന്ധപ്പെട്ട് ഒരു നിയന്ത്രണവും പിതാവിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്ന് കാഗ്‌സി പറയുന്നു. സംസ്‌കൃത ശ്ലോകങ്ങള്‍ അനായാസം ചൊല്ലുന്ന ഈ മുസ്ലീം വിദ്യാര്‍ത്ഥി രാജസ്ഥാനിലെ ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്.

Exit mobile version