മതസൗഹാർദ്ദത്തെ തകർക്കുന്ന വീഡിയോ പങ്കുവെച്ചു; വോട്ടെടുപ്പിന് മണിക്കൂറുകൾ ശേഷിക്കെ കെജരിവാളിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ന്യൂഡൽഹി: ഡൽഹി തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെള്ളിയാഴ്ച കെജരിവാൾ ട്വിറ്ററിൽ ഒരു വീഡിയോ പോസ്റ്റുചെയ്തിരുന്നു. ഇതിനെതിരെയാണ് കമ്മീഷൻ നടപടി എടുത്തിരിക്കുന്നത്.

കെജരിവാൾ പങ്കുവെച്ച വീഡിയോ മതസൗഹാർദത്തെ തകർക്കുന്നതാണെന്നാണ് കമ്മീഷൻ പറയുന്നത്. കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്നതിന്റെ വീഡിയോ ആണ് കെജരിവാൾ ട്വിറ്ററിൽ പങ്കുവച്ചത്. ‘താങ്കൾ നന്നായി ജോലി ചെയ്യുന്നു. ജനങ്ങളെ സേവിക്കുന്ന ഈ ജോലി തുടരൂ. കഠിനാധ്വാനം ചെയ്ത് ഫലം അനുഭവിക്കൂ. എല്ലാം നന്നായി വരും. ദൈവം എന്നോട് പറഞ്ഞു’ എന്നാണ് വീഡിയോയ്ക്ക് ഒപ്പം കെജരിവാൾ ട്വിറ്ററിൽ കുറിച്ചു.

നോട്ടീസിന് മറുപടി നൽകാൻ ശനിയാഴ്ച അഞ്ചു മണിവരെയാണ് കമ്മീഷൻ സമയം നൽകിയിട്ടുള്ളത്. അതിന് സാധിക്കാത്ത പക്ഷം അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമെന്നും കമ്മീഷൻ അറിയിച്ചു. 70 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ്. 11ന് വോട്ടെണ്ണും.

Exit mobile version