എത്രകാലത്തേക്കാണ് നിങ്ങൾ ഞങ്ങളെ നിശബ്ദരാക്കിയിരിക്കുന്നത്; എത്ര പെട്ടെന്നാണ് ഞങ്ങളെ വിലക്കിയത്: കാശ്മീരിനെ കുറിച്ച് സൈറ വസീം

ന്യൂഡൽഹി: പ്രത്യേക അധികാരം എടുത്തുകളഞ്ഞ് ജമ്മു കാശ്മീരിനെ വിഭജിക്കുകയും ജനങ്ങളെ നിരോധനാജ്ഞയിൽ നിലനിർത്തുകയും ചെയ്യുന്ന ഭരണകൂടത്തിനെതിരെ മുൻബോളിവുഡ് താരം സൈറ വസീം. കാശ്മീർ ജനത നേരിടുന്ന ബുദ്ധിമുട്ടുകളാണ് സൈറ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന തന്റെ കുറിപ്പിൽ പങ്കുവെയ്ക്കുന്നത്. കാശ്മീരിലെ ആളുകളുടെ സ്വാതന്ത്രത്തിന് നിയന്ത്രണങ്ങൾ വയ്ക്കുകയും, പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷം പ്രതീക്ഷയ്ക്കും നിരാശയ്ക്കും ഇടയിലാണ് കാശ്മീരിലെ ജനങ്ങളുള്ളത്. വ്യാജവും സമാനതകളില്ലാത്ത നിശബ്ദതയാണ് താഴ്‌വരയിലുള്ളത്. ആഗ്രഹങ്ങൾക്കും ജീവിതത്തിനും നിയന്ത്രണമേർപ്പെടുത്തിയ സാഹചര്യത്തിൽ ആജ്ഞകൾക്ക് നടുവളച്ച് എന്തിനാണ് ഞങ്ങൾ ജീവിക്കുന്നതെന്ന് സൈറ വസീം ചോദിക്കുന്നു.

എത്ര പെട്ടന്നും നിസാരവുമായാണ് ഞങ്ങളുടെ ശബ്ദം നിങ്ങൾ നിശബ്ദമാക്കിയത്. ഞങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ എത്ര പെട്ടന്നാണ് വിലക്കുന്നത്. എതിർപ്പുകൾ രേഖപ്പെടുത്താനും അഭിപ്രായങ്ങൾ പറയാനും എന്തുകൊണ്ടാണ് അനുമതിയില്ലാത്തത്. നിലനിൽപിനെക്കുറിച്ചുള്ള ആശങ്കയില്ലാതെ എന്തുകൊണ്ടാണ് ഞങ്ങൾക്ക് ജീവിക്കാൻ സാധിക്കാത്തത്. പരീക്ഷണത്തിലൂടെയാണ് ഓരോ കാശ്മീരിയും കടന്ന് പോകുന്നതെന്നും സൈറ വസീം വിശദമാക്കുന്നു.

ഞങ്ങളുടെ നിരാശകൾ പ്രകടിപ്പിക്കാൻ ഒരു വേദി പോലുമില്ല. ഉദ്യോഗസ്ഥർ പോലും ഞങ്ങൾക്ക് പറയാനുള്ളതെന്താണെന്ന് കേൾക്കുന്നില്ല. പകരം ആജ്ഞാപിക്കുകയാണ്. ജനങ്ങൾക്ക് വേണ്ടി ചെറുവിരൽ അനക്കാൻ പോലും അധികൃതർ തയ്യാറല്ല. കാശ്മീരിനെക്കുറിച്ചുള്ള നീതിപൂർവ്വമല്ലാത്ത വളച്ചൊടിക്കപ്പെട്ട സത്യങ്ങളുടെ പ്രകടനത്തെ വിശ്വസിക്കരുത്. ഞങ്ങളുടെ ദുരിതം ഇത്ര നിസാരമായി നിങ്ങൾ എങ്ങനെയാണ് സ്വീകരിച്ചത്. എത്രകാലം നിങ്ങൾക്ക് ഞങ്ങളെ ഇങ്ങനെ നിശബ്ദരാക്കി മുന്നോട്ട് പോവാൻ സാധിക്കുമെന്നും സൈറ വസീം ചോദിക്കുന്നു.

Exit mobile version