‘ എന്നെ ഒരു ഭീകരവാദിയായാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ താമരക്ക് വോട്ട് ചെയ്യുക’ ;അരവിന്ദ് കെജരിവാള്‍

ബിജെപി എംപി പര്‍വേശ് വര്‍മ്മയുടെ ഭീകരവാദിയെന്ന പരാമര്‍ശം തന്നെ വേദനിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂഡല്‍ഹി: ഞാന്‍ ഭീകരവാദിയെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍ താമരയ്ക്ക് വോട്ട് ചെയ്യുകയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ബിജെപി എംപി പര്‍വേശ് വര്‍മ്മയുടെ ഭീകരവാദിയെന്ന പരാമര്‍ശം തന്നെ വേദനിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

‘രാജ്യത്തെ സേവിക്കാനാണ് താന്‍ രാഷ്ട്രീയത്തിലേക്ക് എത്തിയത്. ഐഐടിയിലെ എന്റെ ബാച്ചിലെ മറ്റ് വിദ്യാര്‍ത്ഥികളില്‍ എണ്‍പത് ശതമാനത്തോളം പേര്‍ വിദേശത്ത് ജോലി തേടിപ്പോയപ്പോഴും ഞാന്‍ രാജ്യത്തെ സേവിക്കുകയായിരുന്നു. ഇന്‍കം ടാക്‌സ് കമ്മീഷണറുടെ ജോലി ഉപേക്ഷിച്ച് അഴിമതിക്കെതിരായ പോരാട്ടം നടത്തിയതും സ്വാര്‍ത്ഥലാഭത്തിനു വേണ്ടിയായിരുന്നില്ല’. അദ്ദേഹം പറഞ്ഞു.

സാധാരണക്കാര്‍ക്കുവേണ്ടി ആം ആദ്മി പാര്‍ട്ടിയുണ്ടാക്കി അധികാരത്തിലേറി അഞ്ചുവര്‍ഷം ഡല്‍ഹിയുടെ അഭിവൃദ്ധിക്കായി പ്രയത്‌നിക്കുകയായിരുന്നുവെന്നും കെജരിവാള്‍ കൂട്ടിച്ചേര്‍ത്തു.

‘ഭീകരവാദിയെന്ന് പരാമര്‍ശം ഏറെ വേദനിപ്പിക്കുന്നതാണ്. ഇനിയെല്ലാം ഞാന്‍ ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വിടുകയാണ്. ഡല്‍ഹിക്ക് വേണ്ടി ഞാന്‍ പ്രവര്‍ത്തിച്ചുവെന്ന് കരുതുന്നുവെങ്കില്‍ നിങ്ങള്‍ എഎപിക്ക് വോട്ട് ചെയ്യുക. അതല്ല എന്നെ ഒരു ഭീകരവാദിയായാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ താമരക്ക് വോട്ട് ചെയ്യൂക’- അദ്ദേഹം പറഞ്ഞു.

Exit mobile version