ഇന്ന് അവര്‍ മഹാത്മാഗാന്ധിയെ അപമാനിച്ചു, അവര്‍ രാമഭക്തനെ അപമാനിച്ചു, ബിജെപി നേതാക്കള്‍ രാവണന്റെ മക്കളാണ്; അനന്ത്കുമാര്‍ ഹെഗ്‌ഡെക്കെതിരെ കോണ്‍ഗ്രസ് നേതാവ്

ന്യൂഡല്‍ഹി: മഹാത്മഗാന്ധിയെയും സ്വാതന്ത്ര്യസമരത്തെയും അധിക്ഷേപിക്കുന്ന തരത്തില്‍ ബിജെപി നേതാവ് അനന്ത്കുമാര്‍ ഹെഗ്‌ഡെ നടത്തിയ വിവാദപരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് സഭാകക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി രംഗത്ത്. ബിജെപി നേതാക്കളെ അതിരൂക്ഷമായി വിമര്‍ശിച്ച അധീര്‍ രഞ്ജന്‍ ചൗധരി ബിജെപി നേതാക്കളെ രാവണന്റെ പുത്രന്മാരെന്ന് വിശേഷിപ്പിച്ചു.

ഇന്ന് അവര്‍ മഹാത്മാഗാന്ധിയെ അപമാനിച്ചു. അവര്‍ രാമഭക്തനെ അപമാനിച്ചു. അവര്‍ രാവണന്റെ മക്കളാണ്- അധീര്‍ രഞ്ജന്‍ പറഞ്ഞു. മഹാത്മഗാന്ധിയെയും സ്വാതന്ത്ര്യസമരത്തെയും അധിക്ഷേപിച്ച് അനന്ത്കുമാര്‍ ഹെഗ്‌ഡെ നടത്തിയ വിവാദപരാമര്‍ശങ്ങളെ ചൊല്ലി ലോക്‌സഭയിലും വാക്‌പോരുണ്ടായി.

ബിജെപി നേതാക്കളെ രാവണന്റെ മക്കളെന്ന് വിളിച്ച കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിക്കെതിരെ കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷി രംഗത്തെത്തി. ഞങ്ങള്‍, ഭാരതീയ ജനതാ പാര്‍ട്ടിയിലെ അംഗങ്ങളാണ് യഥാര്‍ഥ രാമഭക്തര്‍. ഞങ്ങളാണ് മാഹാത്മാ ഗാന്ധിയുടെ യഥാര്‍ഥ പിന്‍ഗാമികള്‍ എന്ന് പ്രഹ്‌ളാദ് ജോഷി പറഞ്ഞു.

ഇവര്‍ സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും പോലുള്ള വ്യാജ ഗാന്ധിമാരെയാണ് പിന്തുടരുന്നതെന്നും അധീര്‍ രഞ്ജന്‍ ചൗധരിയെ പരാമര്‍ശിച്ചുകൊണ്ട് പ്രഹ്ലാദ് ജോഷി കൂട്ടിച്ചേര്‍ത്തു. അതേസമയം അനന്ത് കുമാറിന്റെ പരാമര്‍ശവുമായി ബന്ധപ്പെട്ട വിഷയം ഉന്നയിക്കാന്‍ കോണ്‍ഗ്രസ്, ഡിഎംകെ, എന്‍സിപി അംഗങ്ങള്‍ ഇന്ന് ശ്രമിച്ചിരുന്നു. എന്നാല്‍ സ്പീക്കര്‍ ഓം ബിര്‍ള അനുമതി നല്‍കിയില്ല.

Exit mobile version