ബജറ്റ് മോശമെന്ന് പലരും പറഞ്ഞിട്ടും, ഈ ബജറ്റ് ഏറ്റവും മികച്ചതാണെന്ന് ജനങ്ങൾ സമ്മതിച്ചു: മോഡി

ന്യൂഡൽഹി: ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച യൂണിയൻ ബജറ്റ് ഏറ്റവും മികച്ചതാണെന്ന് ജനങ്ങൾ അംഗീകരിച്ചുവെന്ന അവകാശവാദവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഡൽഹിയിൽ നടന്ന ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് മോശമെന്ന് പ്രചരിപ്പിക്കാൻ പലതരം ശ്രമങ്ങൾ നടന്നു. എന്നാൽ പിന്നീട് ബജറ്റ് നല്ലതാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു. ആദ്യഘട്ടത്തിൽ ബജറ്റിനെ വിമർശിച്ചവർ പോലും ഇപ്പോഴുള്ള സാമ്പത്തികാവസ്ഥയിലെ ഏറ്റവും മികച്ച ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് സമ്മതിച്ചുവെന്നും മോഡി പറഞ്ഞു.

ആസാമിലെ ബോഡോ തീവ്രവാദകളുമായി സമാധാന കരാർ ഒപ്പിടാനായതും നേട്ടമായി പ്രധാനമന്ത്രി ഉയർത്തിക്കാട്ടി. പതിറ്റാണ്ടുകളായി തുടരുന്ന രക്തച്ചൊരിച്ചിൽ അവസാനിപ്പിച്ചുകൊണ്ട് നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാൻഡുമായി സമാധാന കരാറിൽ ഒപ്പു വെക്കാനായത് ബിജെപി സർക്കാരിന്റെ ചരിത്രപരമായ വിജയങ്ങളിലൊന്നെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ജെപി നദ്ദ ബിജെപി അധ്യക്ഷനായതിന് ശേഷമുള്ള ആദ്യത്തെ പാർലമെന്ററി പാർട്ടിയോഗമാണ് ഇന്ന് നടന്നത്.

Exit mobile version