മോഡിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് നേതാവും മുന്‍ രാജ്യസഭാ എംപിയുമായ ജനാര്‍ദന്‍ ദ്വിവേദിയുടെ മകന്‍ സമീര്‍ ദ്വിവേദിയാണ് ബിജെപിയില്‍ ചേര്‍ന്നത്. തന്റെ അറിവോടെയല്ല മകന്‍ ബിജെപിയില്‍ ചേര്‍ന്നതെന്നാണ് ജനാര്‍ദന്‍ ദ്വിവേദിയുടെ പ്രതികരണമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്ങിന്റെ സാന്നിധ്യത്തിലാണ് സമീര്‍ ദ്വിവേദി ബിജെപിയില്‍ ചേര്‍ന്നത്.” പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഞാന്‍ ബിജെപിയെ തിരഞ്ഞെടുത്തത്, ആദ്യമായാണ് ഒരു പാര്‍ട്ടിയില്‍ ചേരുന്നത്” സമീര്‍ ദ്വിവേദി പറഞ്ഞു.

മകന്‍ ബിജെപിയില്‍ ചേര്‍ന്നത് തന്റെ അറിവോടെയല്ലെന്നും അവന്‍ ബിജെപിയില്‍ ചേര്‍ന്നെങ്കില്‍ അത് അവന്റെ സ്വതന്ത്ര തീരുമാനമാണെന്നും ജനാര്‍ദന്‍ ദ്വിവേദി പറഞ്ഞു. ഒരു ദശാബ്ദക്കാലം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു ജനാര്‍ദന്‍ ദ്വിവേദി.

Exit mobile version