ദേശീയ പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടപ്പാക്കാൻ തീരുമാനിച്ചിട്ടില്ല: ലോക്‌സഭയിൽ ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: ദേശീയ പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടപ്പാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്‌സഭയിൽ. രേഖാമൂലമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്‌സഭയിൽ ഇക്കാര്യം അറിയിച്ചത്. ദേശീയ പൗരത്വ രജിസ്റ്റർ വിഷയം വിവാദമായ ശേഷം ആദ്യമായാണ് കേന്ദ്ര സർക്കാരിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുന്നത്.

ദേശീയ പൗരത്വ രജിസ്റ്റർ രാജ്യം മുഴുവൻ നടപ്പാക്കാൻ ഇപ്പോൾ തീരുമാനം എടുത്തിട്ടില്ലെന്ന് ലോക്‌സഭയിൽ ഉന്നയിച്ച ചോദ്യത്തിന് എഴുതി നൽകിയ മറുപടിയിൽ വിശദീകരിച്ചിട്ടുണ്ട്. ദേശീയ തലത്തിൽ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കാൻ കേന്ദ്ര സർക്കാറിന് പദ്ധതിയുണ്ടോ എന്ന ചോദ്യത്തിനാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് മറുപടി നൽകിയത്.

ആസാമിൽ നടപ്പാക്കിയ ദേശീയ പൗരത്വ പട്ടികയുടെ മാതൃകയിൽ രാജ്യമൊട്ടാകെ എൻആർസി നടപ്പാക്കുമെന്ന നിലപാടാണ് ബിജെപിയും കേന്ദ്ര സർക്കാറും സ്വീകരിച്ചു വരുന്നത്. പുതുക്കുന്ന ജനസംഖ്യ രജിസ്റ്റർ ഉപയോഗപ്പെടുത്തി ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെന്നാണ് റിപ്പോർട്ട്. വിവാദമായ പൗരത്വ ഭേദഗതി നിയമം പാർലമെന്റ് നേരത്തെ പാസാക്കിയിരുന്നു.

Exit mobile version