കര്‍ഷകരും കാലിവളര്‍ത്തുകാരും കഷ്ടപ്പെട്ടുണ്ടാക്കിയ പണം വര്‍ഗീസ് കുര്യന്‍ മതപരിവര്‍ത്തനം നടത്താന്‍ സംഭാവന നല്‍കി; ധവള വിപ്ലവത്തിന്റെ പിതാവിനെ മതപരിവര്‍ത്തകനാക്കി ബിജെപി നേതാവ്

അമൂലുമായി ബന്ധപ്പെട്ട രേഖകളില്‍ ഇതിന് തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു

അഹമ്മദാബാദ്: ഇന്ത്യയിലെ ധവള വിപ്ലവത്തിന്റെ പിതാവായ ഡോ വര്‍ഗീസ് കുര്യന്‍ മതപരിവര്‍ത്തനത്തിനായി ക്രിസ്ത്യന്‍ മിഷനറിമാര്‍ക്ക് അമൂലില്‍ നിന്നും ഫണ്ട് സംഭാവന നല്‍കിയിരുന്നെന്ന് ഗുജറാത്ത് ബിജെപി നേതാവ്. ഗുജറാത്തിലെ മുന്‍ മന്ത്രികൂടിയായ ദിലീപ് സന്‍ഗാനിയാണ് വര്‍ഗീസ് കുര്യനെതിരെ ആരോപണവുമായി രംഗത്തുവന്നത്. വര്‍ഗീസ് കുര്യനെ അനുസ്മരിച്ചുകൊണ്ട് അമൂല്‍ സംഘടിപ്പിച്ച മോട്ടോര്‍ സൈക്കിള്‍ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അമൂല്‍ സ്ഥാപിച്ചത് ത്രിഭുവന്‍ദാസ് പട്ടേലാണ്. എന്നാല്‍ രാജ്യം അദ്ദേഹത്തിന്റെ സംഭാവനകള്‍ ഓര്‍ക്കുന്നുണ്ടോ? ഗുജറാത്തിലെ കര്‍ഷകരും കാലിവളര്‍ത്തുകാരും കഷ്ടപ്പെട്ടുണ്ടാക്കിയ പണം കുര്യന്‍ തെക്കന്‍ ഗുജറാത്തില്‍ മതപരിവര്‍ത്തനം നടത്താന്‍ സംഭാവന നല്‍കി.’ എന്നാണ് ബിജെപി നേതാവ് ആരോപിച്ചത്.

വര്‍ഗീസ് കുര്യന്‍ അമൂല്‍ തലവനായിരിക്കെ അദ്ദേഹം ക്രിസ്ത്യന്‍ മിഷനറിമാര്‍ക്ക് സംഭാവനകള്‍ നല്‍കി. അമൂലുമായി ബന്ധപ്പെട്ട രേഖകളില്‍ ഇതിന് തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ മന്ത്രിയായിരുന്ന സമയത്ത് ഇക്കാര്യം എന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പക്ഷേ എന്നോട് മിണ്ടാതിരിക്കാന്‍ നിര്‍ദേശിച്ചു. കാരണം ഈ വിഷയം കോണ്‍ഗ്രസ് രാജ്യം മുഴുവന്‍ ഉപയോഗിക്കുമായിരുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2007-2012 വരെ ഗുജറാത്തില്‍ കൃഷി മന്ത്രിയായിരുന്നു സന്‍ഗാനി. നിലവില്‍ ഗുജറാത്ത് സ്റ്റേറ്റ് കോര്‍പ്പറേഷന്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്റെ ചെയര്‍മാനാണ്.

Exit mobile version