30അടിയോളം താഴ്ചയുള്ള കിണറ്റിലേയ്ക്ക് വീണ് തെരുവുനായ; അതിസാഹസികമായി രക്ഷിച്ച് രജനി, അഭിനന്ദന പ്രവാഹം

30അടിയോളം താഴ്ചയുള്ള കിണറ്റിലേയ്ക്ക് തെരുവുനായ അബദ്ധത്തില്‍ വീണു പോവുകയായിരുന്നു

മംഗളൂരു: അതിസാഹസികത എന്നും സോഷ്യല്‍മീഡിയയ്ക്ക് പ്രിയമാണ്. നിമിഷ നേരംകൊണ്ടാണ് ഇത്തരം വീഡിയോയ്ക്ക് എല്ലാം കാഴ്ചക്കാര്‍ ഏറുന്നത്. ഇപ്പോള്‍ അത്തരത്തിലൊരു അതിസാഹസികത തന്നെയാണ് ഇവിടെയും ചര്‍ച്ചയാവുന്നത്. മംഗളൂരു സ്വദേശിയായ രജനി ഷെട്ടി എന്ന യുവതിയാണ് വീഡിയോയിലെ താരം. എന്നാല്‍ ഈ സാഹസികത കാഴ്ചക്കാര്‍ക്ക് വേണ്ടിയല്ല, മറിച്ച് ഒരു തെരുവു നായയ്ക്ക് വേണ്ടിയാണ്.

30അടിയോളം താഴ്ചയുള്ള കിണറ്റിലേയ്ക്ക് തെരുവുനായ അബദ്ധത്തില്‍ വീണു പോവുകയായിരുന്നു. സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തിയാണ് രജനി ഈ മിണ്ടാപ്രാണിയുടെ ജീവന്‍ രക്ഷിച്ചത്. സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ നായയുടെ കരച്ചില്‍ കേട്ട് കിണറിന്റെ അരികിലെത്തി. നായയെ രക്ഷപ്പെടുത്താന്‍ കുട്ടികള്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

ഒരു രാത്രി മുഴുവന്‍ കിണറ്റില്‍ കിടന്ന നായയെ പിറ്റേ ദിവസമാണ് വിവരം അറിഞ്ഞെത്തിയ രജനി രക്ഷപ്പെടുത്തിയത്. ശരീരത്തില്‍ കയര്‍ കെട്ടി രജനി കിണറ്റില്‍ ഇറങ്ങി. തുടര്‍ന്ന് നായയെ മറ്റൊരു കയറില്‍ കെട്ടി. കരയില്‍ നിന്നവര്‍ നായയെയും പിന്നീട് രജനിയേയും കരയിലേക്ക് വലിച്ചുകയറ്റി. പ്രദേശത്ത് ഉണ്ടായിരുന്ന ആരോ ആണ് സംഭവം മൊബൈലില്‍ പകര്‍ത്തിയത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് രജനിക്ക് അഭിനന്ദനങ്ങള്‍ നേരുന്നത്.

Exit mobile version