അർണബ് ഗോസ്വാമിയെ ചോദ്യം ചെയ്തതിന്റെ പേരിൽ വിലക്ക്; ചോദ്യം ചെയ്ത പൈലറ്റിന് ‘സലാം’ പറഞ്ഞ് കുനാൽ കംമ്ര

മുംബൈ: വിമാനയാത്രയ്ക്കിടെ മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിയെ ചോദ്യം ചെയ്തതിന്റെ പേരിൽ വിമാന കമ്പനികൾ വിലക്ക് ഏർപ്പെടുത്തിയതിനെ വിമർശിച്ച പൈലറ്റിനെ സ്വാഗതം ചെയ്ത് കുമാൻ കമ്ര. വിമാനത്തിൽ വച്ച് അർണബിനെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് സ്റ്റാന്റ് അപ്പ് കൊമേഡിയൻ കുനാൽ കമ്രയെ എയർ ഇന്ത്യയും ഇന്റിഗോയും വിലക്കിയത്. ഇത് വലിയ വിവാദമായതോടെ കുനാലിനെ പിന്തുണച്ച് നിരവധി പേർ എത്തിയിരുന്നു. ഇതിൽ അന്ന് ഇന്റിഗോ വിമാനം പറത്തിയ പൈലറ്റും ഉൾപ്പെടും.

കുനാൽ കമ്രയെ വിലക്കിയതിനെതിരെ വിമാനക്കമ്പനിക്ക്, അന്ന് വിമാനത്തിലെ പൈലറ്റായിരുന്ന ക്യാപ്റ്റൻ രോഹിത് മതേതി കത്ത് നൽകിയിരുന്നു. കുനാലിനെ പിന്തുണയ്ക്കുന്നതും ഇന്റിഗോയുടെ നടപടിയെ തള്ളുന്നുവെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. ഈ കത്തിന് നന്ദി അറിയിച്ചിരിക്കുകയാണ് കുനാൽ ഇപ്പോൾ. ‘ക്യാപ്റ്റൻ രോഹിത്ത് മതേതിയെ അഭിവാദ്യം ചെയ്യുന്നു’വെന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.

വിമാനക്കമ്പനി മാനേജ്‌മെന്റ് സോഷ്യൽ മീഡിയയിൽ ഉണ്ടായ പ്രതികരണത്തിന്റെ ഭാഗമായാണ് നടപടിയെടുത്തതെന്ന് അടിവരയിടുന്നതാണ് ക്യാപ്റ്റന്റെ പ്രതികരണം. ‘എൻറെ 9 വർഷത്തെ വിമാനം പറത്തലിൽ ഇതുവരെയുണ്ടായിട്ടില്ലാത്ത സംഭവമാണ്’ എന്ന് അദ്ദേഹം ഇന്റിഗോയ്ക്ക് എഴുതിയ കത്തിൽ കുറിച്ചു. കുനാലിന്റെ പെരുമാറ്റം ബുദ്ധിമുട്ടുണ്ടാക്കുന്നതാണെങ്കിലും അച്ചടക്കമില്ലാത്ത യാത്രക്കാരനെന്ന ഗണത്തിൽ അദ്ദേഹത്തെപ്പെടുത്താനാകില്ല. വിമാനത്തിന്റെ പ്രധാന പൈലറ്റായ തന്നോട് കാര്യങ്ങൾ അന്വേഷിക്കാതെയാണ് നടപടിയെടുത്തതെന്നും ക്യാപ്റ്റൻ ചൂണ്ടിക്കാട്ടിയിരുന്നു.

‘നിങ്ങൾ ഒരു ഭീരുവാണോ, മാധ്യമ പ്രവർത്തകനാണോ, അതോ നിങ്ങളൊരു ദേശീയവാദിയാണോ എന്ന് പ്രേക്ഷകർക്ക് അറിയണം’ എന്നായിരുന്നു കുനാൽ കമ്ര വിമാനത്തിൽ സഹയാത്രികനായ അർണബ് ഗോസ്വാമിയോട് ചോദിച്ചത്. മുംബൈയിൽ നിന്നും ലഖ്‌നൗവിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം.

ഈ വീഡിയോ വൈറലായതോടെയാണ് ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ കുനാൽ കമ്രയ്ക്ക് യാത്രാവിലക്കുണ്ടാവുമെന്നാണ് എയർ ഇന്ത്യ ട്വിറ്ററിൽ വിശദമാക്കിയത്. വിമാനങ്ങളിൽ ഇത്തരം നടപടികൾ ഉണ്ടാവുന്നത് നിരുൽസാഹപ്പെടുത്തുന്നതിനാണ് നടപടിയെന്നാണ് എയർ ഇന്ത്യ വ്യക്തമാക്കിയത്.
കംറയുടെ ചോദ്യം.

Exit mobile version