വധശിക്ഷ നീതിയല്ല, പ്രതികാരമാണ്, അവര്‍ക്ക് മാനസാന്തരപ്പെടാനുള്ള അവസരം നല്‍കണം; നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷയ്‌ക്കെതിരെ കുര്യന്‍ ജോസഫ്

നിര്‍ഭയ കേസിലെ കുറ്റവാളികള്‍ക്ക് മാപ്പ് നല്‍കണമെന്ന ഇന്ദിര ജെയ്‌സിംഗിന്റെ അഭിപ്രായത്തെയും അദ്ദേഹം പിന്തുണച്ചു.

ന്യൂഡല്‍ഹി: രാജ്യം കാത്തിരിക്കുന്ന ഒന്നാണ് നിര്‍ഭയ കേസിലെ പ്രതികളായ നാല് പേരുടെ വധശിക്ഷ. നാളിത്രയും ഈ നിമിഷത്തിനായി കാത്തിരിക്കുന്നവരും ഉണ്ട്. എന്നാല്‍ വധശിക്ഷയുടെ നാളുകള്‍ അടുക്കും തോറും ഈ വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോള്‍ സുപ്രീംകോടതി മുന്‍ ജഡ്ജിയും മലയാളിയുമായ കുര്യന്‍ ജോസഫ് പ്രതികൂലിച്ച് രംഗത്ത് വന്നിരിക്കുകയാണ്. വധശിക്ഷ നീതിയല്ല, പ്രതികാരമാണെന്ന് അദ്ദേഹം പറയുന്നു. നിര്‍ഭയ കേസിലെ കുറ്റവാളികള്‍ക്ക് മാപ്പ് നല്‍കണമെന്ന ഇന്ദിര ജെയ്‌സിംഗിന്റെ അഭിപ്രായത്തെയും അദ്ദേഹം പിന്തുണച്ചു.

വധശിക്ഷക്ക് പകരം ജീവപര്യന്തം ശിക്ഷ നല്‍കണമെന്നും ജോസഫ് കുര്യന്‍ പറയുന്നു. കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ വധശിക്ഷക്ക് കഴിയില്ല. കണ്ണിന് കണ്ണ് എന്ന രീതി ലോകത്തെ മൊത്തം അന്ധരാക്കും എന്ന് പറഞ്ഞ ഗാന്ധിയുടെ മണ്ണാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ വധശിക്ഷ പ്രതികാരമാണെന്നും നീതിനടപ്പാക്കുകയല്ലെന്നും ഡെസ്മണ്ട് ടുട്ടു പറഞ്ഞതായും കുര്യന്‍ ജോസഫ് ഓര്‍മ്മിപ്പിച്ചു.

പ്രതികളെ തൂക്കിലേറ്റുന്നതോടെ കുറ്റകൃത്യത്തെക്കുറിച്ച് ജനം മറക്കും. നിര്‍ഭയ കേസില്‍ നാല് ചെറുപ്പക്കാരെയാണ് തൂക്കിലേറ്റുന്നത്. നാല് പേര്‍ക്കും മാനസാന്തപ്പെടാനുള്ള അവസരം നല്‍കണമെന്നും കുര്യന്‍ ജോസഫ് ആവശ്യപ്പെട്ടു.

Exit mobile version