നിര്‍ഭയ കേസ്; പ്രതി അക്ഷയ് സിങ് സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: മരണവാറണ്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നിര്‍ഭയകേസ് പ്രതി അക്ഷയ് സിങ് സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് എന്‍വി രമണ, അരുണ്‍ മിശ്ര, ആര്‍എഫ് നരിമാന്‍, ആര്‍ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

കേസിലെ മറ്റ് രണ്ട് പ്രതികളായ മുകേഷ് സിംഗിന്റെയും വിനയ് ശര്‍മയുടെയും തിരുത്തല്‍ ഹര്‍ജികള്‍ ഇതേ ബെഞ്ച് ജനുവരി പതിനേഴിന് തള്ളിയിരുന്നു. അതിനിടെ മറ്റൊരു പ്രതി വിനയ് ശര്‍മ്മ രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചു. രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ച സാഹചര്യത്തില്‍ ഫെബ്രുവരി ഒന്നിലെ മരണവാറണ്ട് നടപ്പാക്കാനാകില്ലെന്നാണ് സൂചന.

ദയാഹര്‍ജിയില്‍ തീരുമാനമെടുത്തു 14 ദിവസത്തിന് ശേഷമേ വധശിക്ഷ നടപ്പാക്കാവൂ എന്നാണ് ചട്ടം. 2012 ഡിസംബര്‍ 16-നാണ് 23 വയസ്സുള്ള പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഡല്‍ഹിയില്‍ ബസ്സില്‍ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. പീഡനശേഷം നഗ്‌നയാക്കിയ യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും ആക്രമികള്‍ വഴിയില്‍ തള്ളി.

ക്രൂരബലാത്സംഗത്തിനിടെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടര്‍ന്ന് ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബര്‍ 29-ന് മരണം സംഭവിച്ചു.

Exit mobile version