വിമര്‍ശിക്കുന്നവര്‍ പ്രായം കുറഞ്ഞവരാണ് അവര്‍ക്ക് മുതിര്‍ന്നവരെയെങ്ങനെ ബഹുമാനിക്കണമെന്ന് അറിയില്ല; ഇപ്പോള്‍ വിവാദം സൃഷ്ടിക്കുന്നത് പുതുതലമുറയെന്ന് അദ്‌നാന്‍ സാമി

മുംബൈ: അനാവശ്യമായി തന്റെ പേര് രാഷ്ട്രീയ ലാഭത്തിനായി വലിച്ചിഴക്കുന്നുവെന്ന് പദ്മശ്രീ അവാര്‍ഡിന് അര്‍ഹനായ അദ്‌നാന്‍ സാമി. കോണ്‍ഗ്രസ് പാര്‍ട്ടിയാണ് ഇപ്പോള്‍ തനിക്കെതിരായ പ്രചാരണങ്ങളില്‍ മുന്നിലുള്ളതെന്നും അദ്‌നാന്‍ സാമി കുറ്റപ്പെടുത്തി. പാക് സേനയിലെ പൈലറ്റായിരുന്ന അദ്‌നാന്‍ സാമിയുടെ പിതാവിന്റെ പേരുയര്‍ത്തി കോണ്‍ഗ്രസ് വക്താവ് ജയ്വീര് ഷെര്‍ഗില്‍ നടത്തിയ പരാമര്‍ശങ്ങളെ വിമര്‍ച്ചാണ് ്അദ്‌നാന് സാമി പ്രതികരിച്ചത്.

2016ലാണ് തനിക്ക് ഇന്ത്യയുടെ പൗരത്വം ലഭിച്ചത്. പാക് പൗരനായിരുന്നപ്പോള്‍ നൗഷാദ് അവാര്‍ഡ് നല്‍കിയ കോണ്‍ഗ്രസ് പാര്‍ട്ടിയാണ് ഇപ്പോള്‍ തനിക്കെതിരായ പ്രചാരണങ്ങളില്‍ മുന്നിലുള്ളത്. പ്രത്യേകിച്ച് മറ്റ് വിഷയങ്ങളൊന്നും ഇല്ലാത്തതിനാലാണ് കോണ്‍ഗ്രസ് പാര്‍ട്ടി തന്റെ പേരില്‍ വിവാദമുണ്ടാക്കുന്നത്. ഫൈറ്റര്‍ വിമാനങ്ങളിലെ പൈലറ്റായിരുന്നു തന്റെ പിതാവ്.

അദ്ദേഹത്തിന്റെ രാജ്യത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്തിന്റെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. ആ കാര്യം ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ട് വരുന്നതിന്റെ പ്രസക്തിയെന്താണെന്നും അദ്‌നാന്‍ സാമി ചോദിക്കുന്നു. പിതാവിന് ലഭിച്ച അവാര്‍ഡിന്റെ ഒരു ആനുകൂല്യവും താന്‍ സ്വീകരിച്ചിട്ടില്ല. അതുപോലെ തന്നെ തനിക്ക് ലഭിച്ച അവാര്‍ഡിന് പിതാവിന് പ്രസക്തിയില്ലെന്നും അദ്‌നാന്‍ സാമി പറഞ്ഞു.

അതേസമയം കോണ്‍ഗ്രസിലും ബിജെപിയിലും തനിക്ക് സുഹൃത്തുക്കളുണ്ട്. തനിക്ക് സ്‌നേഹമുള്ളത് സംഗീതത്തോടാണെന്നും അദ്‌നാന്‍ സാമി കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ വിമര്‍ശിക്കുന്നവര്‍ പ്രായം കുറഞ്ഞവരാണ് അവര്‍ക്ക് മുതിര്‍ന്നവരെയെങ്ങനെ ബഹുമാനിക്കണമെന്ന് അറിയില്ലെന്നും അദ്‌നാന്‍ സാമി പറഞ്ഞു.

Exit mobile version