ജയ് മോഡി എന്നു മന്ത്രിച്ചാൽ ഏത് പാകിസ്താനിക്കും പൗരത്വം നൽകും; അദ്‌നൻ സമിക്ക് പത്മശ്രീ നൽകിയത് ഇന്ത്യൻ പൗരന്മാരെ അപമാനിക്കാൻ: എൻസിപി

മുംബൈ: പാകിസ്താൻ വംശജനും ഗായകനുമായ അദ്‌നൻ സമിക്ക് പത്മശ്രീ നൽകിയതിനെ ചോദ്യം ചെയ്ത് എൻസിപി. 2016-ൽ കേന്ദ്രം ഇന്ത്യൻ പൗരത്വം നൽകിയ അദ്‌നാൻ സമിക്കു പത്മശ്രീ പുരസ്‌കാരം നൽകിയത് 130 കോടി ഇന്ത്യക്കാരെ അപമാനിക്കുന്നതാണെന്ന് എൻസിപി ആരോപിച്ചു. ജയ് മോഡി എന്നു മന്ത്രിക്കുന്ന ഏതു പാകിസ്താനിക്കും ഇന്ത്യൻ പൗരത്വം ലഭിക്കുമെന്നു മഹാരാഷ്ട്ര മന്ത്രി കൂടിയായ നവാബ് മാലിക് ആരോപിച്ചു.

പൗരത്വ ഭേദഗതി നിയമം, പൗര രജിസ്റ്റർ, ജനസംഖ്യ രജിസ്റ്റർ തുടങ്ങിയ വിഷയങ്ങളിലെ ചോദ്യങ്ങൾ നേരിടുന്ന കേന്ദ്ര സർക്കാരിനു ക്ഷീണം മറയ്ക്കാനുള്ള നീക്കമാണിതെന്നും എൻസിപി വക്താവായ നവാബ് മാലിക് ആരോപിച്ചു. നേരത്തെ, സമിക്ക് പത്മശ്രീ നൽകിയതിനെ കോൺഗ്രസും മഹാരാഷ്ട്ര നവനിർമ്മാൺ സേനയും എതിർത്തിരുന്നു.

പാക് നാവികസേനാ ഉദ്യോഗസ്ഥന്റെ മകനായി ലണ്ടനിൽ ജനിച്ച സമി, 2015 ലാണ് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷ നൽകിയത്. തൊട്ടടുത്ത വർഷം ജനുവരിയിൽ പൗരത്വം ലഭിച്ചു.

Exit mobile version