പൗരത്വ ഭേദഗതിക്ക് എതിരെ പ്രതിഷേധിച്ചു; ഡോ. കഫീൽ ഖാനെ മുംബൈയിൽ വെച്ച് അറസ്റ്റ് ചെയ്ത് യുപി പോലീസ്

മുംബൈ: പൗരത്വ നിയമ ഭേദതഗതിക്കെതിരെ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിന് ഡോ. കഫീൽ ഖാനെ അറസ്റ്റ് ചെയ്ത് ഉത്തർപ്രദേശ് പോലീസ്. പ്രതിഷേധത്തിനിടെ മതവിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ചാണ് കഫീൽ ഖാനെ ഉത്തർപ്രദേശ് പോലീസ് മുംബൈയിൽ വെച്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്.

മുംബൈയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് കഫീൽ ഖാൻ അറസ്റ്റിലായത്. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തിന്റെ ഭാഗമായി കഴിഞ്ഞ ഡിസംബർ 12ന് അലിഗഢിൽ നടത്തിയ പ്രസംഗം മതവിദ്വേഷം വളർത്തുന്ന രീതിയിലുള്ളതാണെന്നാണ് യുപി പോലീസിന്റെ വാദം. ഷഹീൻബാഗ് സമരത്തിന് പിന്തുണ നൽകി മുംബൈയിലും സമാന രീതിയിൽ സമരം ആരംഭിച്ചിരുന്നു. ഈ പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനായാണ് കഫീൽ ഖാൻ മുംബൈയിലെത്തിയത്.

ഉത്തർപ്രദേശിലെ ഗൊരഖ്പുർ ബിആർഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓക്‌സിജൻ ലഭിക്കാതെ കുഞ്ഞുങ്ങൾ മരിച്ച സംഭവത്തിൽ കുറ്റവാളിയെന്ന് മുദ്ര കുത്തി യോഗി ആദിത്യനാഥ് സർക്കാർ ഇദ്ദേഹത്തെ ജയിലിലടച്ചിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. സംഭവത്തിൽ ഒമ്പത് മാസത്തെ ജയിൽ വാസത്തിനു രണ്ട് വർഷത്തെ സസ്പെൻഷനും ഒടുവിലാണ് കഫീൽ ഖാനെ കുറ്റവിമുക്തനാക്കിയത്.

Exit mobile version