കല്യാണ വിരുന്ന് വ്യത്യസ്തമാക്കി കൂട്ടുകാര്‍; നവവരനും വധുവിനും കേക്ക് മുറിക്കാന്‍ നല്‍കിയത് വടിവാള്‍; വീഡിയോ വൈറലായതോടെ പോലീസും പൊക്കി

ചെന്നൈ: കല്യാണ വിരുന്നിനിടെ വടിവാള്‍ ഉപയോഗിച്ച് കേക്കുമുറിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ നവവരനെതിരെ പോലീസ് കേസെടുത്തു. ചെന്നൈയിലാണ് സംഭവം. തിരുവര്‍ക്കാട് കരുമാരിയമ്മന്‍ കോയില്‍ ഭുവനേഷി(23)നെതിരെയാണ് പോലീസ് കേസെടുത്തത്. കേക്ക് മുറിക്കുന്നതിനിടെ മറ്റൊരു വടിവാള്‍ ഉയര്‍ത്തിക്കാട്ടിയ ഭുവനേഷിന്റെ സുഹൃത്ത് മണിക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

ഞായറാഴ്ച്ചയായിരുന്ന ഭുവനേശ്വറിന്റെ വിവാഹ സല്‍ക്കാരം. ഭുവനേഷിന്റെ പഴയതും പുതിയതുമായ സുഹൃത്തുക്കളെല്ലാം സല്‍ക്കാരത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. വധുവും വരനും ഒന്നിച്ച് കേക്ക് മുറിക്കുന്നത് വ്യത്യസ്തമാക്കാന്‍ തീരുമാനിച്ച സുഹൃത്തുക്കള്‍ കേക്ക് മുറിക്കുന്നതിനായി വടിവാള്‍ നല്‍കി. വാളുപയോഗിച്ചാണ് വധുവും വരനും കേക്ക് മുറിച്ചത്.

കേക്ക് മുറിക്കുന്ന സമയം കൂട്ടുകാരന്‍ മറ്റൊരു വടിവാള്‍ ഉയര്‍ത്തിക്കാട്ടുന്നുമുണ്ട്. ഈ ദൃശ്യങ്ങളടങ്ങിയ വീഡിയോയാണ് വ്യാപകമായി പ്രചരിച്ചത്. വരനൊപ്പം കൂട്ടുകാര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഏത് വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. ചരിത്ര ബിരുദധാരിയായ ഭുവനേഷ് ഇപ്പോള്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയാണ്.

Exit mobile version