മോഡിയുടെ സർട്ടിഫിക്കറ്റ് വിവാദത്തിൽ വാദം കേൾക്കുന്നത് അഞ്ചാം തവണയും മാറ്റിവെച്ചു; ഇത്തവണ കാരണമായത് സോളിസിറ്റർ ജനറൽ!

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദത്തിൽ വാദം കേൾക്കുന്നത് വീണ്ടും മാറ്റിവെച്ച് ഡൽഹി ഹൈക്കോടതി. അഞ്ചാം തവണയാണ് കോടതി കേസ് മാറ്റിവെയ്ക്കുന്നത്. ഏപ്രിൽ 15ലേക്കാണ് ഇത്തവണ കേസ് മാറ്റിവെച്ചിരിക്കുന്നത്. ഇത്തവണ സോളിസിറ്റർ ജനറൽ തുഷാർ മേഹ്ത്ത ഹാജരാകാത്തതിനെ തുടർന്നാണ് കോടതി വാദം നീട്ടിവെച്ചിരിക്കുന്നത്.

ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് 1978ൽ ബിഎ ബിരുദം നേടി എന്നാണ് നരേന്ദ്രമോഡിയുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുള്ളത്. ഇത് സത്യമാണോ എന്നറിയാൻ ആ വർഷത്തെ സർവകലാശാലയുടെ ബിഎ ഡിഗ്രി റെക്കോർഡുകൾ പരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് കോടതിയിൽ ഹർജി ഫയൽ ചെയ്യപ്പെട്ടത്.

2017 ജനുവരി 23-ന് ശേഷം കോടതി കേസ് പരിഗണിച്ചത് 2017 ഏപ്രിൽ 27-നായിരുന്നു. അന്ന് ഹർജിക്കാരുടെ വാദങ്ങൾക്ക് മറുപടി നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് 2017 നവംബർ 16ലേക്ക് കോടതി കേസ് മാറ്റി വെച്ചു. എന്നാൽ ഈ സമയത്ത് മറുസത്യവാങ്മൂലം സമർപ്പിക്കാൻ സർവകലാശാലയ്ക്ക് സാധിച്ചില്ല. തുടർന്ന് കോടതി സർവകലാശാലയ്ക്ക് ഇതിനുള്ള അവസരം നിഷേധിച്ചു.

തുടർന്ന് പലവിധ കാരണങ്ങളാൽ കോടതിയിൽ ഈ കേസിൽ വാദം കേൾക്കൽ നടന്നില്ല. തുടർന്ന് 2019 ഫെബ്രുവരി നാലിനാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. തുടർന്ന് കേസിൽ അന്തിമ വാദം 2019 ഏപ്രിൽ 23ന് നടക്കുമെന്ന് കോടതി അറിയിച്ചെങ്കിലും ഇതിന് ശേഷം നാല് തവണ കോടതി ഇക്കാര്യം മാറ്റിവെച്ചു. ഇത്തരത്തിൽ രണ്ടുതവണ മാറ്റിവെച്ചതിന് കാരണം സോളിസിറ്റർ ജനറൽ ഹാജരാകാത്തതായിരുന്നു. ഇതിൽ 2019 നവംബർ 28 ന് കേസ് മാറ്റിവെച്ചതിന് കാരണം കോടതി വ്യക്തമാക്കിയിട്ടുമില്ല. തുടർന്നാണ് 2020 ജനുവരി 28ലേക്ക് കേസ് മാറ്റിവെച്ചത്.
എങ്കിലും സോളിസിറ്റർ ജനറൽ ഹാജരാകാത്തതിനാൽ ഇത്തവണയും വാദം കേൾക്കുന്നത് മാറ്റുകയായിരുന്നു. ഹർജിക്കാർ ഇത്തവണ നിർബന്ധമായും വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി അത് പരിഗണിച്ചില്ല. ജസ്റ്റിസ് ജയന്ത് നാഥിന്റെ സിംഗിൾ ബെഞ്ചിന്റെ പരിഗണനയിലാണ് കേസ്.

Exit mobile version