ഷഹീന്‍ബാഗ് പ്രതിഷേധത്തിന്റെ സംഘാടകരിലൊരാളായ ഷര്‍ജീല്‍ ഇമാം അറസ്റ്റില്‍; വിദ്യാര്‍ത്ഥിക്കെതിരെ രാജ്യദ്രോഹ കുറ്റം

ന്യൂഡല്‍ഹി: രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയെന്ന കേസില്‍ ഷഹീന്‍ബാഗ് പ്രതിഷേധത്തിന്റെ സംഘാടകരിലൊരാളും ജെഎന്‍യു
വിദ്യാര്‍ത്ഥിയുമായ ഷര്‍ജീല്‍ ഇമാമിനെ അറസ്റ്റു ചെയ്തു. ബിഹാര്‍ പോലീസാണ് ഷര്‍ജീല്‍നെ അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ഷര്‍ജീന്‍ ഇമാമിനെ ബിഹാറിലെ ജെഹനബാദില്‍ നിന്ന് അറസ്റ്റ് ചെയ്തതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തിന്റെ ഐക്യത്തിനെയും അഖണ്ഡതയെയും ബാധിക്കുന്ന തരത്തില്‍ പ്രസംഗിച്ചുവെന്ന് ആരോപിച്ച് ഇയാള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി നേരത്തെ പോലീസ് കേസെടുത്തിരുന്നു. ഡല്‍ഹി പോലീസിന് പുറമേ, അസം, മണിപ്പുര്‍, അരുണാചല്‍ പ്രദേശ്, യുപി പോലീസും സമാന സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഷര്‍ജീലിനെ കണ്ടെത്താന്‍ കഴിഞ്ഞ ദിവസങ്ങളില്‍ അന്വേഷണവും ഊര്‍ജിതമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റുണ്ടായിരിക്കുന്നത്.

ഷഹീന്‍ബാഗിലും, ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയിലും സമാന പരാമര്‍ശങ്ങള്‍ ഷര്‍ജീല്‍ ഇമാം നടത്തിയെന്ന് ഡല്‍ഹി പോലീസ് പറഞ്ഞിരുന്നു. ഈ വീഡിയോകള്‍ പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതെസമയം ഷഹീന്‍ബാഗ് സമരത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഷര്‍ജീല്‍ ഇമാമിന് എതിരെ കേസെടുത്തതെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് ശിശോദിയയും ആരോപിച്ചു.

Exit mobile version