ദയാഹര്‍ജി തള്ളിയതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി; നിര്‍ഭയ കേസ് പ്രതി മുകേഷ് സിങ്ങിന്റെ ഹര്‍ജി നാളെ പരിഗണിക്കും

ന്യൂഡല്‍ഹി : നിര്‍ഭയക്കേസില്‍ ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത് പ്രതി മുകേഷ് സിങ്ങ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി നാളെ ഉച്ചയ്ക്ക് പരിഗണിക്കും. ജസ്റ്റീസ് ആര്‍ ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

വിശദമായ പരിശോധനയില്ലാതെയാണ് ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഫെബ്രുവരി ഒന്നിന് വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവെക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ജനുവരി 17നാണ് മുകേഷ് സിംഗിന്റെ ദയാഹര്‍ജി രാഷ്ട്രപതി തളളിയത്.

നേരത്തെ മരണ വാറണ്ടിനെതിരെ മുകേഷ് സിംഗ് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയിരുന്നു. ഫെബ്രുവരി ഒന്നിന് രാവിലെ 6 മണിക്ക് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കാന്‍ പട്യാല കോടതി മരണ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഇതിനിടെ, നിര്‍ഭയക്കേസിലെ മുഖ്യസാക്ഷിയുടെ മൊഴികള്‍ പോലീസ് പറഞ്ഞുപഠിപ്പിച്ചതാണെന്ന് ചൂണ്ടിക്കാട്ടി പ്രതി പവന്ഗുപ്തയുടെ പിതാവ് നല്കിയ റിവിഷന്‍ ഹര്‍ജി പട്യാലഹൗസ് കോടതി വിധി പറയാന്‍ മാറ്റി. ഈ വാദം നേരത്തെ കോടതി തള്ളിയതാണ്.

Exit mobile version