രാജ്യത്തിന്റെ ആത്മാവിന് ഭീഷണി; വിദ്യാർത്ഥികൾക്കും പ്രക്ഷോഭകർക്കും ഐക്യദാർഢ്യവുമായി നസ്‌റുദ്ധീൻ ഷായും റൊമിലാ ഥാപ്പറും അടക്കമുള്ളവരുടെ കത്ത്

മുംബൈ: പൗരത്വ ഭേദഗതി നിയമം രാജ്യത്തിന്റെ ആത്മാവിന് ഭീഷണിയെന്ന തുറന്നകത്തുമായി കലാ-സാസംസ്‌കാരിക രംഗത്തെ പ്രമുഖരായ 300-ഓളം പേർ ഒപ്പിട്ടിരിക്കുന്ന തുറന്ന കത്ത്. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്കും മറ്റ് സംഘടനകൾക്കും കത്തിലൂടെ ഇവർ ഐക്യദാർഢ്യമറിയിച്ചു.

ബോളിവുഡ് താരം നസറുദ്ധീൻ ഷാ, സംവിധായിക മീരാ നായർ, സംഗീതജ്ഞൻ ടിഎൻ കൃഷ്ണ, ചരിത്രകാരൻമാരായ അമിതാവ് ഘോഷ്, റൊമില ഥാപ്പർ എന്നിങ്ങനെ വിവിധ മേഖലകളിൽ നിന്നുള്ള 300 പേരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്. പൗരത്വ നിയമം ഭേദഗതി ചെയ്തതും ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുന്നതും രാജ്യത്തിന്റെ ആത്മാവിന് ഭീഷണിയാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. സിഎഎയ്ക്കും എൻആർസിക്കുമെതിരെ ശബ്ദമുയർത്തുന്ന വിദ്യാർത്ഥികൾക്കും പ്രതിഷേധിക്കുന്നവർക്കും ഐക്യദാർഢ്യം അറിയിക്കുന്നുവെന്ന കത്തിൽ, എഴുത്തുകാരായ അനില ദേശായ്, കിരൺ ദേശായ്, എഴുത്തുകാരിയും നടിയുമായ നന്ദിത ദാസ്, സിനിമാപ്രവർത്തകരായ രത്‌ന പതക് ഷാ, ജാവേദ് ജഫ്രി, ലിറ്റെറ്റ് ദുബെ, സാമൂഹിക പ്രവർത്തകരായ സൊഹൈൽ ഹഷ്മി, ആഷിഷ് നന്ദി എന്നിവരും കത്തിൽ ഒപ്പുവെച്ചിട്ടുണ്ട്.

ഇന്ത്യൻ ഭരണഘടനയുടെ തത്വങ്ങൾക്ക് എതിരായി ഒരുമിച്ച് ശബ്ദമുയർത്തുന്നവർ ബഹുസ്വരതയും നാനാത്വവുമുള്ള സമൂഹം നിലനിർത്തുമെന്ന പ്രതീഷയാണ് നൽകുന്നതെന്നും കത്തിൽ പറയുന്നു.

പലരും അനീതിക്കെതിരെ മൗനം പാലിക്കുന്നു. നിലവിലുള്ള സാഹചര്യം ഭരണഘടനാ തത്വങ്ങൾ മുറുക്കെ പിടിക്കാൻ നമ്മൾ ഒരുമിച്ച് നിൽക്കണമെന്നാണ് ആവശ്യപ്പെടുന്നത്. നയങ്ങളും പ്രഖ്യാപനങ്ങളുമെല്ലാം പൊതുജന താൽപര്യം മനസിലാക്കിയോ തുറന്ന ചർച്ചകളിലൂടെയോ അല്ല കേന്ദ്രസർക്കാർ നടപ്പാക്കുന്നതെന്നും വിമർശിക്കുന്നു. രാജ്യത്തിന്റെ ആത്മാവ് ഭീഷണിയിലാണ്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതവും പൗരത്വവും അപകടത്തിലാണ്. എൻആർസി പ്രകാരം അനധികൃത കുടിയേറ്റക്കാരായ മുസ്ലിം ഇതര വിഭാഗങ്ങൾക്ക് സിഎഎക്ക് കീഴിൽ പൗരത്വം ലഭിക്കുകയും ചെയ്യുമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

Exit mobile version