മതവൈരം വളര്‍ത്താന്‍ ശ്രമിച്ചു..! കുട്ടികള്‍ക്കിടയില്‍ ഹിന്ദു മുസ്‌ളീം വേര്‍ത്തിരിവ് ഉണ്ടാക്കിയ അധ്യാപകന് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മതവൈരം വളര്‍ത്താന്‍ ശ്രമിച്ച സ്‌കൂളിനെതിരെ നടപടി ആവശ്യപ്പെട്ട് ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും രംഗത്ത്. ഡല്‍ഹിയിലെ വാസീറാബാദിലെ സ്‌കൂളിലാണ് കുട്ടികളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നത്. കുട്ടികള്‍ക്കിടയില്‍ ഹിന്ദു മുസ്ളിം വേര്‍ത്തിരിവ് ഉണ്ടാക്കി മതവൈരം വളര്‍ത്തുകയായിരുന്നു സ്‌കൂള്‍ അധികാരികള്‍ എന്നാണ് ആരോപണം. ബിജെപി ഭരിക്കുന്ന ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്‌കൂളിനെതിരെയാണ് ആരോപണം.

കുട്ടികള്‍ക്കിടയില്‍ മതസ്പര്‍ദ്ധ വളര്‍ത്തിയെന്നാരോപിച്ച് സ്‌കൂള്‍ അധികാരിയെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ കൂടുതല്‍ കര്‍ശന നടപടികള്‍ സ്‌കൂള്‍ അധികാരികള്‍ക്കെതിരെ എടുക്കേണ്ടതുണ്ടെന്നു രണ്ടു പാര്‍ട്ടികളും ആവശ്യപ്പെട്ടു. സിബി സിംഗ് ഷെഹ്റാവത്ത് എന്ന അധ്യാപകനാണ് മതത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഇയാള്‍ കുറ്റം നിഷേധിച്ചിട്ടുണ്ട്.

സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സ്ഥലം മാറി പോയതിനെ തുടര്‍ന്നാണ് ഷെഹ്റാവത്ത് സ്‌കൂളിന്റെ ഭരണം ഏറ്റെടുക്കുന്നത്. മുനിസിപ്പല്‍ കോര്‍പറേഷന്റെ വിദ്യാഭ്യാസ ഡയറക്ടര്‍ എച്‌കെ ഹെം ഇയാള്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

അതേസമയം ഈ സ്‌കൂള്‍ നിലപാടുകള്‍ക്ക് പിന്നില്‍ ആര്‍എസ്എസിന് പങ്കുള്ളതായി താന്‍ സംശയിക്കുന്നുവെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് വികാസ് ഗോയല്‍ പറഞ്ഞു. ആംആദ്മി സ്റ്റാന്റിംഗ് കമ്മിറ്റി മീറ്റിങ്ങിലാണ് ഇദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഒരു അധ്യാപകന് ഒറ്റക്ക് ഈ രീതിയില്‍ പ്രവര്‍ത്തിക്കാനാവില്ല എന്നും തെരഞ്ഞെടുപ്പ് അടുത്ത് വരുമ്പോള്‍ ഈ സംഭവത്തിന് പ്രാധാന്യം ഏറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോര്‍പറേഷന്‍ നടത്തുന്ന മറ്റു സ്‌കൂളുകളില്‍ പരിശോധന വേണമെന്ന് കോണ്‍ഗ്രസ് നേതാവ് മുകേഷ് ഗോയല്‍ ആവശ്യപ്പെട്ടു.

‘അധ്യാപകന്റെ പ്രവര്‍ത്തി അങ്ങേയറ്റം അപലപനീയമാണ് ,ഒരു ജനാധിപത്യ രാജ്യത്തില്‍ ഒരു അധ്യാപകന്‍ ഈ വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളതല്ല’ മുനിസിപ്പല്‍ കമ്മിഷണര്‍ മധുപ് വ്യാസ് പറഞ്ഞു. അധ്യാപകനെതിരെയുള്ള ആരോപണങ്ങള്‍ ശരിയാണെന്നു കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version