തിരിച്ചുവിളിക്കണമെന്ന പ്രമേയം സ്വാഗതം ചെയ്യുന്നു, പരാതിയുള്ളവര്‍ രാഷ്ട്രപതിയെ സമീപിച്ചോ, തന്നെ നിയമിച്ചത് രാഷ്ട്രപതിയാണ്; പ്രതിപക്ഷത്തിന് മറുപടിയുമായി ഗവര്‍ണര്‍

തിരുവനന്തപുരം: തന്നെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്വാഗതം ചെയ്യുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ പറ്റി പരാതിയുള്ളവര്‍ രാഷ്ട്രപതിയെ സമീപിക്കട്ടെയെന്നും തന്നെ നിയമിച്ചത് രാഷ്ട്രപതിയാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരസ്യമായി നിയമസഭാ നടപടിയെ ചോദ്യം ചെയ്യുകയും അവഹേളിക്കുകയും ചെയ്യുന്ന ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്നു രാഷ്ട്രപതിയോട് അഭ്യര്‍ഥിക്കുന്ന പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടി സ്പീക്കര്‍ക്കു നോട്ടിസ് നല്‍കിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് പ്രതിപക്ഷത്തിന് മറുപടിയുമായി ഗവര്‍ണര്‍ രംഗത്തെത്തിയത്. ‘പ്രമേയത്തെ സ്വാഗതം ചെയ്യുന്നു. ഭരണഘടന അനുസരിച്ചാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. ഭരണഘടനാ പ്രകാരം സര്‍ക്കാരിന്റെ തലവന്‍ താനാണ്. എന്നെ പറ്റി പരാതിയുള്ളവര്‍ രാഷ്ട്രപതിയെ സമീപിക്കട്ടെ. തന്നെ നിയമിച്ചത് രാഷ്ട്രപതിയാണ്’- ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

സര്‍ക്കാരിനെ ഉപദേശിക്കാനും തിരുത്താനും തനിക്ക് അധികാരമുണ്ട്. ഭരണഘടനാപരമായി അത് തന്റെ കര്‍ത്തവ്യമാണ്. എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പറയുന്നതിന് അര്‍ഥം സര്‍ക്കാരുമായി ഏറ്റുമുട്ടുന്നു എന്നല്ല. അത്തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ നിരര്‍ഥകമാണ്. ഗവര്‍ണര്‍ എന്ന നിലയില്‍ തന്റെ ഉത്തരവാദിത്വം എന്താണെന്നാണ് ഭരണഘടനയില്‍ നിര്‍വചിച്ചിരിക്കുന്നതെന്നും ഗവര്‍ണര്‍ വിശദീകരിച്ചു.

Exit mobile version