ഗവര്‍ണര്‍ക്ക് പുതിയ ബെന്‍സ്: 85 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍; നിലവിലുള്ളത് പത്ത് വര്‍ഷം പഴക്കമുള്ളത്

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പുതിയ ബെന്‍സ് കാര്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. മെഴ്സിഡസ് ബെന്‍സിനായി 85 ലക്ഷം രൂപ അനുവദിച്ചാണ് പൊതുഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്.

85.11 ലക്ഷം രൂപ ചെലവാക്കിയാണ് കാര്‍ വാങ്ങുന്നത്. ഗവര്‍ണര്‍ക്ക് പുതിയ കാര്‍ വാങ്ങുന്ന കാര്യത്തില്‍ രാജ്ഭവന്റെ നിര്‍ദേശപ്രകാരമാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്.

ഗവര്‍ണറുടെ സെക്രട്ടറി ദേവേന്ദ്രകുമാര്‍ ദോഡാവിത്താണ് പൊതുഭരണ വകുപ്പിന് പുതിയ കാര്‍ വാങ്ങാനുള്ള കത്ത് നല്‍കിയത്. ഇതനുസരിച്ചാണ് 85.11 ലക്ഷം രൂപയുടെ ബെന്‍സ് ജിഎല്‍ഇ ക്ലാസ് വാഹനം വാങ്ങാന്‍ തീരുമാനിച്ചത്.

നിലവില്‍ ഗവര്‍ണര്‍ ഉപയോഗിക്കുന്ന വാഹനം ഒരുലക്ഷത്തിലേറെ കിലോമീറ്റര്‍ ഓടിയതാണെന്നും പത്ത് വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പുതിയ കാര്‍ രാജ്ഭവന്‍ ആവശ്യപ്പെട്ടത്. ഇതനുസരിച്ച് സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്ത് പൊതുഭരണ സെക്രട്ടറി ബുധനാഴ്ച ഉത്തരവും പുറത്തിറക്കി.

ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്‍കിയ ശുപാര്‍ശയിലാണ് സര്‍ക്കാര്‍ നടപടി. ഗവര്‍ണറുടെ കാറിന് 10 വര്‍ഷം പഴക്കമുണ്ടെന്നും അതിനൊപ്പം ഒരു ലക്ഷം കിലോമീറ്റര്‍ പിന്നിട്ടുവെന്നും ചൂണ്ടിക്കാട്ടി രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ കത്ത് നല്‍കിയിരുന്നു. വിവിഐപി പ്രോട്ടോകോള്‍ പ്രകാരം ഒരു ലക്ഷം കിലോ മീറ്റര്‍ കഴിഞ്ഞാല്‍ വാഹനം മാറ്റണമെന്നതും ശുപാര്‍ശയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. രണ്ട് വര്‍ഷം മുന്‍പാണ് പുതിയ കാര്‍ രാജ്ഭവന്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ താന്‍ പുതിയ ബെന്‍സ് കാര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവര്‍ണര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇപ്പോഴത്തെ ഔദ്യോഗിക കാറില്‍ താന്‍ തൃപ്തനാണ്. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരാണ് പുതിയ കാര്‍ നിര്‍ദേശിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.

Exit mobile version